ന്യൂഡല്‍ഹി: പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാം. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശപ്രകാരം ഒരു വ്യക്തിക്ക് അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളില്‍ പോയി നിര്‍ദിഷ്ട സ്ലിപ്പോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാതെ തന്നെ പണം മാറ്റിയെടുക്കാവുന്നതാണ്. എന്നാല്‍ ഒരേസമയം 20,000 രൂപവരെ (പത്ത് നോട്ടുകള്‍) മാത്രമെ മാറ്റിയെടുക്കാനാകൂ. സെപ്റ്റംബര്‍ 30 ആണ് നോട്ടുകള്‍ മാറ്റാന്‍ കഴിയുന്ന സമയപരിധി.
ഉപഭോക്താക്കള്‍ക്ക് നോട്ടുകള്‍ മാറ്റാനാവശ്യമായ സൗകര്യംചെയ്തുകൊടുക്കണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ബാങ്കുകള്‍ ഉറപ്പാക്കണമെന്നും അറിയിച്ച് റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് ഇന്നലെ വിശദമായ സര്‍കുലര്‍ അയച്ചു.
|
ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്:
* ബാങ്കുകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാനുള്ള സൗകര്യം ഒരുക്കണം.
കുടിവെള്ളം ലഭിക്കാനുള്ള സംവിധാനം വേണം.
എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടുമാറാന്‍ കഴിയണം.
നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ ഓരോ ദിവസവും സൂക്ഷിക്കണം.
നോട്ടുകളുടെ മാറ്റം തീര്‍ത്തും സൗജന്യമായിരിക്കണം.


