22
Sep 2023
Wed
22 Sep 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 12.20 ശരാശരിയില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ശ്രീലങ്കക്കെതിരായ ഫൈനലില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റ് പിഴുത താരമായിരുന്നു കളിയിലെ താരം.

9ാം സ്ഥാനത്തുനിന്നാണ് സിറാജിന്റെ കുതിപ്പ്. 694 റേറ്റിംഗോടെയാണ് സിറാജ് റാങ്കിംഗില്‍ മുന്നിലെത്തിയത്. ഓസീസ് താരം ജൊഷ് ഹേസല്‍വുഡിനെ താരം രണ്ടാം സ്ഥാനത്തേക്ക് തള്ളി. ഹേസല്‍വുഡിന്റെ റേറ്റിംഗ് 678 ആണ്. 677 റേറ്റിംഗുള്ള കിവീസ് താരം ട്രെന്റ് ബോള്‍ട്ടാണ് മൂന്നാമത്. ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ താരം കുല്‍ദീപ് യാദവാണ്. 638 റേറ്റിംഗുമായി കുല്‍ദീപ് 9ാമതാണ്.

റാങ്കിംഗില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗിലും വമ്പന്‍ നേട്ടമുണ്ടാക്കിയിരുന്നു. ഏഷ്യാ കപ്പിലെ പ്രകടന മികവില്‍ താരം റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 814 റേറ്റിംഗോടെയാണ് ഗില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 857 ആണ് അസമിന്റെ റേറ്റിംഗ്.

743 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാന്‍ ഡര്‍ ഡസ്സന്‍ മൂന്നാമതുള്ള പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ പത്തിലുണ്ട്. 708 റേറ്റിംഗുള്ള വിരാട് കോലി എട്ടാമതും 696 റേറ്റിംഗുള്ള രോഹിത് ശര്‍മ 10ആമതുമാണ്.