21
Oct 2023
Sun
21 Oct 2023 Sun

ന്യൂഡൽഹി: ക്രിക്കറ്റിൽ നിയമപരിഷ്‌ക്കരണം വേണമെന്ന ആവശ്യവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. സിക്‌സറുകളുടെ ദൂരത്തിനനുസരിച്ച് കൂടുതൽ റൺസും അനുവദിക്കണമെന്നാണ് താരം ആവശ്യപ്പെടുന്നത്. 90 മീറ്റർ സിക്‌സാണെങ്കിൽ എട്ടു റൺസും 100 മീറ്ററാണെങ്കിൽ 10 റൺസും നൽകണമെന്നാണ് രോഹിതിന്റെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിക്കറ്റ് ജേണലിസ്റ്റായ വിമൽ കുമാറിന്റെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രോഹിതിന്റെ പ്രതികരണം. ‘ഒരു ബാറ്റർ 90 മീറ്റർ സിക്‌സ് അടിച്ചാൽ എട്ട് റൺസ് നൽകണം. നൂറു മീറ്റർ സിക്‌സാണെങ്കിൽ 10 റൺസും. ക്രിസ് ഗെയിലും പൊള്ളാർഡുമെല്ലാം നൂറു മീറ്റർ സിക്‌സുകൾ അടിക്കുന്നവരാണ്. കൂടുതൽ ഉയരത്തിൽ അടിച്ച് ബൗണ്ടറി കടത്തിയാലും അവർക്കു കിട്ടുന്നത് ആറു റൺസാണ്. അത് ന്യായമല്ല’-രോഹിത് പറഞ്ഞു.

രോഹിതിനെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ രംഗത്തെത്തി. വർഷങ്ങൾക്കു മുൻപ് താൻ പറഞ്ഞതും ഇതുതന്നെയാണെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. ഒരുപടി കൂടി കടന്ന് നൂറു മീറ്റർ സിക്‌സ് അടിച്ചാൽ 12 റൺസ് നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ക്രിക്കറ്റിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരണം. അല്ലെങ്കിൽ ഹൺട്രഡ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു വേണമെങ്കിൽ അത്തരമൊരു പരിഷ്‌ക്കരണം കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ക്രിക്കറ്റ് ചരിത്രത്തിലെ സിക്‌സർ വേട്ടക്കാരിലും ഒന്നാമനാകാൻ രോഹിത് ശർമയ്ക്ക് ഇനി വെറും മൂന്ന് സിക്‌സ് മതി. 553 സിക്‌സുമായി ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 551 സിക്‌സുമായി രോഹിത് തൊട്ടരികിലും നിൽക്കുന്നു. ഈ ലോകകപ്പിനു തന്നെ ഇന്ത്യൻ നായകൻ റെക്കോർഡ് സ്വന്തം പേരിലാക്കുമെന്നുറപ്പാണ്.