01
Aug 2023
Wed
01 Aug 2023 Wed

ലാന്‍ഡറില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ISRO

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ച ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ‘കാലുകുത്തിയ’ ലാന്‍ഡര്‍ മോഡ്യൂള്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രനില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ എടുത്തതാണ് ചിത്രങ്ങള്‍. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങള്‍. അതേസമയം ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ മോഡ്യൂളും ബംഗളൂരുവിലെ ട്രാക്കിങ് കേന്ദ്രമായ ഇസ്ട്രാക്കും തമ്മിലുള്ള ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.

അതിനിടെ, ചന്ദ്രയാന്‍ മൂന്ന് മിഷനിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം ലാന്‍ഡിങ് ആയിരുന്നില്ലെന്നും വിക്ഷേപണം തന്നെയായിരുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. വിക്രം ലാന്‍ഡറും പ്രഗ്വാന്‍ റോവറും അടങ്ങുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തെ വഹിച്ച് കൊണ്ടാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. ശരിയായ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്ന കടമയാണ് റോക്കറ്റ് നിര്‍വഹിച്ചതെന്നും സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

‘36,500 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രനിലേക്കുള്ള പാതയില്‍ പേടകത്തെ എത്തിക്കുന്ന ഘട്ടം ശരിയായ രീതിയിലാണ് നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിന് ശേഷം റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍3 മോഡ്യൂളിനെ വേര്‍പെടുത്തി. തുടര്‍ന്ന് ആറ് തവണ ഭൂമിയെ ഭ്രമണം ചെയ്തു. ജൂലൈ 15 ന് ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് മുമ്പ് പരമാവധി 36,500 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിച്ചു. ആദ്യ ഭ്രമണപഥം ഉയര്‍ത്തലിലൂടെ ദൂരം 41,670 കിലോമീറ്ററിലേക്ക് എത്തി.’സോമനാഥ് പറഞ്ഞു.