വിശ്വാസോത്സവത്തില്‍ ചെറിയ കുട്ടികള്‍ക്ക് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത
|
തൊടുപുഴ: കേരളത്തിനെതിരെ സംഘ്പരിവാര്‍ സൃഷ്ടിച്ച പ്രൊപ്പഗണ്ട സിനിമയായ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രദര്‍ശനം. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. കുട്ടികള്‍ പ്രണയത്തില്‍ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്ന് രൂപതാ പിആര്‍ഓ ജിന്‍സ് കാരക്കാട്ടില്‍ പ്രതികരിച്ചു. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും പിആര്‍ഓ പറഞ്ഞു.





