23
Jul 2023
Wed
23 Jul 2023 Wed

അടുത്തിടെയുള്ള മികച്ച പ്രകടനം തുണയായി, ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന് ഇന്ത്യയും; പുരുഷ, വനിതാ ടീമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: എഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പുരുഷ, വനിത ഫുട്‌ബോള്‍ ടീമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. പുരുഷവനിതാ ടീമുകള്‍ക്ക് ഗെയിംസില്‍ മത്സരിക്കാം. റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും ഫുട്‌ബോള്‍ ടീമുകള്‍ക്ക് അനുമതി നല്‍കുകയാണെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളിലെത്താന്‍ ഫുട്‌ബോള്‍ ടീമിന് സാധിക്കട്ടെയെന്ന് കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അടുത്തിടെ ഇന്ത്യന്‍ ടീം നടത്തിയ പ്രകടനങ്ങള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര തീരുമാനം. ഇന്ത്യയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഈ രണ്ട് നേട്ടങ്ങളുടെയും സഹായത്തോടെ ഫിഫ റാങ്കിങ്ങില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ നൂറില്‍ ഇടം പിടിക്കാനും ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനു സാധിച്ചു. നിലവില്‍ 99 ആണ് ഇന്ത്യയുടെ റാങ്ക്.

ഏഷ്യന്‍ റാങ്കിങ്ങില്‍ മുന്നിലുള്ള ഇനങ്ങളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതു പ്രകാരം ഇന്ത്യന്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു ആദ്യം തീരുമാനമെടുത്തത്. ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്, കേന്ദ്ര തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയയ്ക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 23 ന് ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.