ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം; നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ ജയിച്ചേ തീരൂ
|
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കേപ്ടൗണില്‍ തുടങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടമാകാതിരിക്കാന്‍ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനുള്ളത്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനും ടീം ഇന്ത്യ തോല്‍വി രുചിച്ചു.
അതിനാല്‍ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശര്‍മ്മയുടേയും സംഘത്തിന്റെയും ശ്രമം. സ്പിന്നര്‍ ആര്‍ അശ്വിന് പകരം പരിക്കില്‍ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിലെത്തിയേക്കും. പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെയും പരിഗണിക്കും. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ഫോം വീണ്ടെടുത്താലേ ഇന്ത്യക്ക് തല ഉയര്‍ത്താനാവൂ.
പരിക്കേറ്റ ടെംബ ബവുമ കളിക്കില്ല. പകരം വിടവാങ്ങല്‍ ടെസ്റ്റിനിറങ്ങുന്ന ഡീന്‍ എല്‍ഗര്‍ ആണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. എല്‍ഗറുടെ വിടവാങ്ങല്‍ മത്സരമായതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രോട്ടീസും ആഗ്രഹിക്കുന്നില്ല. ബവുമയ്ക്ക് പകരം സുബൈര്‍ ഹംസയും കോയെറ്റ്‌സീക്ക് പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം കാണാം.


