ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മൂലമുണ്ടാകുന്ന അതിവേഗ ഓട്ടോമേഷന്‍ 2028-ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്തേക്കാമെന്ന് സിട്രിനി റിസര്‍ച്ചിന്റെ (Citrini Research) പുതിയ റിപ്പോര്‍ട്ട്. ‘ദി 2028 ഗ്ലോബല്‍ ഇന്റലിജന്‍സ് ക്രൈസിസ്’ (The 2028 Global Intelligence Crisis) എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് പ്രകാരം, ടിസിഎസ് (TCS), ഇന്‍ഫോസിസ് (Infosys), വിപ്രോ (Wipro) തുടങ്ങിയ ഇന്ത്യന്‍ ഐടി ഭീമന്മാരുടെ ബിസിനസ് മോഡലുകള്‍ എഐ മൂലം വലിയ ഭീഷണി നേരിടുകയാണെന്ന് മുന്നറിയിപ്പ് നല്കുന്നു.
|
ഇന്ത്യന്‍ ഐടി മേഖലയില്‍ പ്രതിസന്ധി
വാര്‍ഷിക സേവന കയറ്റുമതിയിലൂടെ 200 ബില്യണ്‍ ഡോളറിലധികം സമ്പാദിക്കുന്ന ഇന്ത്യയുടെ ഐടി മേഖല 2028-ഓടെ സ്തംഭനാവസ്ഥയിലായേക്കാം. എഐ കോഡിംഗ് ഏജന്റുകള്‍ വളരെ കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്നത് ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകും. അമേരിക്കന്‍ തൊഴിലാളികളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ഇന്ത്യന്‍ ജീവനക്കാരെ ലഭ്യമാണ് എന്നതായിരുന്നു ഇന്ത്യന്‍ ഐടി മേഖലയുടെ കരുത്ത്. എന്നാല്‍ എഐ കോഡിംഗ് ഏജന്റുകളുടെ ചിലവ് വൈദ്യുതി ചിലവിന് തുല്യമായി കുറഞ്ഞതോടെ ഈ നേട്ടം ഇല്ലാതായി.
സേവന കയറ്റുമതി ദുര്‍ബലമാകുന്നതോടെ വെറും നാല് മാസത്തിനുള്ളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 18 ശതമാനത്തോളം ഇടിഞ്ഞേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2027 മുതല്‍ തന്നെ കരാറുകള്‍ റദ്ദാക്കപ്പെടുന്നത് വര്‍ധിക്കുമെന്നും 2028 ആദ്യ പാദത്തോടെ ഇന്ത്യക്ക് ഐഎംഎഫുമായി (IMF) ചര്‍ച്ചകള്‍ തുടങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
നിയന്ത്രണമില്ലാത്ത എഐ മുന്നേറ്റം
എഐയുടെ വളര്‍ച്ച ഒരു ‘ഫീഡ്ബാക്ക് ലൂപ്പ്’ (Feedback Loop) സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയും ആ സമ്പാദ്യം ഉപയോഗിച്ച് കൂടുതല്‍ എഐ സാങ്കേതികവിദ്യ വാങ്ങുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ചിലവ് കുറയ്ക്കുന്നതോടെ ഉപഭോക്തൃ വിപണിയും തകരും. എന്നാല്‍ കമ്പനികള്‍ തങ്ങളുടെ ലാഭം സംരക്ഷിക്കാനായി വീണ്ടും കൂടുതല്‍ എഐയില്‍ നിക്ഷേപിക്കുന്ന അവസ്ഥയുണ്ടാകും. ഇതിന് സ്വാഭാവികമായ നിയന്ത്രണങ്ങളില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എഐ കമ്പനികള്‍ ലാഭം വാരും
സമ്പദ്വ്യവസ്ഥ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും എഐ രംഗത്തെ പ്രമുഖരായ എന്‍വിഡിയ (NVIDIA), ടിഎസ്എം (TSM) തുടങ്ങിയ കമ്പനികള്‍ റെക്കോര്‍ഡ് വരുമാനം നേടുന്നത് തുടരും എന്നതാണ് ഈ സാഹചര്യത്തിലെ വിരോധാഭാസം. ഡാറ്റാ സെന്ററുകള്‍ക്കായി വന്‍തോതില്‍ നിക്ഷേപം നടക്കുന്നത് തുടരുമെന്നും തായ്വാന്, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ പ്രവണത മൂലം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.





