14
Mar 2026
Sat
14 Mar 2026 Sat
indian lpg ships

ന്യൂഡല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് ചരക്കുഗതാഗതം നിലച്ച ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള രണ്ട് എല്‍.പി.ജി കപ്പലുകളെ ഇറാന്‍ സുരക്ഷിതമായി കടത്തിവിട്ടു. ‘ശിവാലിക്’, ‘നന്ദ ദേവി’ എന്നീ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് പിന്നിട്ടതായി തുറമുഖ, സമുദ്രപാത മന്ത്രാലയം അറിയിച്ചു. 92,700 മെട്രിക് ടണ്‍ എല്‍.പി.ജിയാണ് ഈ കപ്പലുകളില്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ശിവാലിക് മാര്‍ച്ച് 16നും നന്ദ ദേവി മാര്‍ച്ച് 17നും ഇന്ത്യന്‍ തീരം തൊടുമെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷല്‍ സെക്രട്ടറി രാജേഷ് കുമാര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഊര്‍ജ പ്രതിസന്ധി പരിഗണിച്ച് സൗഹൃദ രാജ്യമായ ഇന്ത്യയ്ക്ക് മാത്രമായി ഇറാന്‍ നല്‍കിയ ഇളവാണിതെന്നാണ് സൂചന. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം.

ഇന്ത്യ-ഇറാന്‍ നയതന്ത്ര ബന്ധം പ്രാധാന്യമേറിയതാണെന്നും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഇറാനിയന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗോള എണ്ണയുടെയും കടല്‍മാര്‍ഗമുള്ള എല്‍.എന്‍.ജിയുടെയും 20 ശതമാനത്തോളം വ്യാപാരം ചെയ്യുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. യു.എസിനോ സഖ്യകക്ഷികള്‍ക്കോ കടലിടുക്ക് അനുവദിക്കാന്‍ സാധ്യമല്ലെന്ന് ഇറാന്‍ പറഞ്ഞെങ്കിലും ഇന്ത്യക്ക് ഇളവ് അനുവദിക്കുകയായിരുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്ത് പാചകവാതക വിതരണത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പെട്രോളും ഡീസലും റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ആവശ്യത്തിന് ലഭ്യമാണ്. അനാവശ്യമായി ഇന്ധനം സംഭരിക്കുന്നതോ അനാവശ്യ ബുക്കിങ്ങുകള്‍ നടത്തുന്നതോ ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനകം വിതരണം ആരംഭിച്ചു കഴിഞ്ഞു. എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ് ഓണ്‍ലൈന്‍ സംവിധാനം വഴി 100 ശതമാനമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.