മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഇടം നേടി വയനാട്ടുകാരി മിന്നു മണി. ഇതോടെ വനിതാ ഐപിഎല്ലില്ലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു മണി. താരത്തിനായി മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുന്നിലുണ്ടായിരുന്നു. ഒടുവില്‍ 30 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ ടീമിലെത്തിക്കുകയായിരുന്നു. ഇന്ത്യ എ ടീമിന് വേണ്ടി കളിച്ച 23 കാരിയായ മിന്നുമണി ഇടംകൈ ബാറ്ററാണ്. മറ്റ് മലയാളി താരങ്ങളായ നജ്‌ല(അണ്ടര്‍ 19 ലോകകപ്പ് അംഗം ), കീര്‍ത്തി കെ ജെയിംസ്, എസ് സഞ്ജന, അനശ്വര സന്തോഷ്, ടി ടി ഷൈനി, വി എസ് മൃദുല എന്നിവര്‍ അണ്‍സോള്‍ഡ് താരങ്ങളാണ്.
|
ഇതിനോടകം 30ലേറെ താരങ്ങളെ ടീമുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥായെ 3.4കോടിക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ലേലത്തിലെ ഏറ്റവും വിലകൂടിയ താരം മന്ഥാനയാണ്. ഓസ്ട്രേലിയുടെ ആഷ്ലി ഗാര്‍ഡനറെ 3.2 കോടിക്ക് ഗുജറാത്ത് ഗെയ്ന്റസ് വാങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ് ആണ്. 1.8 കോടിക്കാണ് കൗര്‍ മുംബൈയില്‍ എത്തിയത്. ഇന്ത്യന്‍ പേസര്‍ ദീപ്തി ശര്‍മ്മയെ യുപി വാരിയേഴ്സ് 2.6കോടിക്ക് ടീമിലെത്തിച്ചു. രേണുക സിങിനെ 1.50 കോടി മുടക്കിയാണ് ആര്‍സിബി തട്ടകത്തിലെത്തിച്ചത്.



