19
Mar 2026
Thu
19 Mar 2026 Thu
RAS LAFFAN

ഖത്തറിലെ പ്രധാന പ്രകൃതിവാതക കേന്ദ്രമായ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ തെക്കന്‍ പാഴ്‌സ് ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാസ് ലഫാനിലെ വിവിധ എല്‍എന്‍ജി (LNG) പ്ലാന്റുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്ലാന്റുകള്‍ക്ക് കനത്ത കേടുപാടുകള്‍ സംഭവിച്ചതായി ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പ്പാദകരായ ഖത്തര്‍ എനര്‍ജി വ്യക്തമാക്കി.

ആക്രമണത്തില്‍ പ്രതിഷേധിച്ച് ഖത്തറിലെ ഇറാന്‍ എംബസിയിലെ മിലിട്ടറി, സെക്യൂരിറ്റി അറ്റാഷെമാരോടും ഉദ്യോഗസ്ഥരോടും 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഖത്തര്‍ ഉത്തരവിട്ടു. ഇറാന്റെ നടപടി പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഖത്തര്‍ വിശേഷിപ്പിച്ചു.

ലോകത്തെ എല്‍എന്‍ജി വിതരണത്തിന്റെ 20 ശതമാനവും റാസ് ലഫാനില്‍ നിന്നാണ്. ഈ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെ ബാധിക്കുമെന്നും ആഗോളതലത്തില്‍ ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ആക്രമണം

ഖത്തറിന് പുറമെ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെയും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

സൗദി അറേബ്യ: തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വന്ന നാല് ബാലസ്റ്റിക് മിസൈലുകള്‍ സൗദി വെടിവെച്ചിട്ടു. റിയാദിലും അല്‍-ഖര്‍ജിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇറാനില്‍ നിന്നുള്ള 13 ബാലസ്റ്റിക് മിസൈലുകളെയും 27 ഡ്രോണുകളെയും യുഎഇ വ്യോമപ്രതിരോധ സേന തകര്‍ത്തു. ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റ്, ബാബ് ഓയില്‍ ഫീല്‍ഡ് എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 1,699 ഡ്രോണുകളെ നേരിട്ടതായി യുഎഇ അറിയിച്ചു.

ഇസ്രായേലിന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനിലെ എണ്ണപ്പാടങ്ങളില്‍ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ട്രംപ്. ഇനി മേലില്‍ ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ആക്രമണം നടത്തരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ആക്രമണം ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണത്തിന് കാരണമായിരുന്നു. അതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഇളകി. കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ടതോടെയാണ് ട്രംപിന്റെ ഇടപെടല്‍.

ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ നേരെ ഇനി ഇസ്രായേല്‍ ആക്രമിക്കില്ല. അതിന്റെ പേരില്‍ ഖത്തര്‍ വാതക കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ നിര്‍ത്തണമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഖത്തറിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തിയാല്‍ ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഇസ്രായേലിന്റെ സഹായത്തോടെയോ അല്ലാതെയോ, സൗത്ത് പാഴ്‌സ് ഗ്യാസ് ഫീല്‍ഡ് പൂര്‍ണ്ണമായും അമേരിക്ക തകര്‍ക്കും. ഇറാന്‍ മുമ്പൊരിക്കലും കാണാത്തതോ അനുഭവിച്ചിട്ടില്ലാത്തതോ ആയ അത്രയും വലിയ ശക്തിയോടും കരുത്തോടും കൂടിയായിരിക്കും ആ ആക്രമണം. ഖത്തറിന്റെ എല്‍എന്‍ജി വീണ്ടും ആക്രമിക്കപ്പെട്ടാല്‍, അങ്ങനെ ചെയ്യാനും ഞാന്‍ മടിക്കില്ല’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കുപടിഞ്ഞാറന്‍ ഇറാനിലെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രത്തിന് നേരെ ഇസ്രായേല്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി രണ്ട് മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സൗത്ത് പാഴ്സ് ഗ്യാസ് ഫീല്‍ഡിലെ ഒന്നിലധികം കേന്ദ്രങ്ങളില്‍ മിസൈലുകള്‍ പതിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം.

അന്താരാഷ്ട്ര പ്രതികരണം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ചര്‍ച്ച നടത്തി. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും ഊര്‍ജ്ജ-ജല വിതരണ ശൃംഖലകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മാക്രോണ്‍ ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി റിയാദില്‍ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരാനിരിക്കെയാണ് ആക്രമണം കടുത്തിരിക്കുന്നത്. നിലവില്‍ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.