Diego Garcia അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു. തന്ത്രപ്രധാനമായ അമേരിക്കന്‍-ബ്രിട്ടീഷ് സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ (Diego Garcia) ലക്ഷ്യമാക്കി ഇറാന് രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു. യുദ്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന അതീവ ഗുരുതരമായ നീക്കമാണിതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
|
ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ‘വാള് സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു. ഒരു മിസൈല്‍ പാതിവഴിയില്‍ തകരുകയും രണ്ടാമത്തേത് അമേരിക്കന്‍ യുദ്ധക്കപ്പലില്‍ നിന്നുള്ള ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് തടയുകയും ചെയ്തു.
ഇറാന് അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. ഇത്രയും ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇറാന് ശേഷിയുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം യൂറോപ്പിലെ സൈനിക താവളങ്ങളെയും ലക്ഷ്യമിടാന്‍ ഇറാന് സാധിക്കുമെന്നാണ്.
‘ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലുള്ള ഡീഗോ ഗാര്‍ഷ്യയെ ആക്രമിക്കാന്‍ ഇറാന് ശ്രമിച്ചുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍, ഇറാന് യുദ്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നു,’ എന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദേന തകര്‍ത്തതിനുള്ള പ്രതികാരം
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിര്‍ണ്ണായക സംഭവത്തില്‍, ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന (IRIS Dena) അമേരിക്കന്‍ അന്തര്‍വാഹിനി ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ശ്രീലങ്കയ്ക്ക് തെക്ക് വെച്ചുണ്ടായ ഈ ആക്രമണത്തില്‍ 85-ലധികം ഇറാന് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യ ആതിഥേയത്വം വഹിച്ച ‘മിലാന് 2026’ (MILAN 2026) നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പല്‍. ഇതിനുള്ള പ്രതികാരമായാണ് ഇറാന് ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ടത്.
ഡീഗോ ഗാര്‍ഷ്യയുടെ പ്രാധാന്യം
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളുടെ പ്രധാന താവളമായിരുന്നു ചാഗോസ് ദ്വീപസമൂഹത്തിലെ ഡീഗോ ഗാര്‍ഷ്യ. ബ്രിട്ടന്റെ പക്കല്‍ നിന്ന് ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാന്‍ ലണ്ടന്‍ സമ്മതിച്ചിരുന്നെങ്കിലും, ഡീഗോ ഗാര്‍ഷ്യയിലെ സൈനിക താവളം നിലനിര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ കൈമാറ്റത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി എതിര്‍ത്തിരുന്നു.
ഇന്ത്യയില്‍നിന്ന് എത്ര ദൂരം?
ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഇന്ത്യയുടെ തൊട്ടടുത്താണ് ഈ യുഎസ് സൈനിക കേന്ദ്രം. കന്യാകുമാരിയില്‍ നിന്ന് ഏകദേശം 1,800 കിലോമീറ്റര്‍ മാത്രം അകലെയാണ് ഡീഗോ ഗാര്‍സ്യ.
ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം ഇപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് തൊട്ടടുത്തുള്ള സമുദ്ര മേഖലകളിലേക്കും വ്യാപിച്ചത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളെല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന ഇടമാണ് ഡീഗോ ഗാര്‍ഷ്യ. ബി52 ബോംബറുകള്‍ക്കും ആണവ മുങ്ങിക്കപ്പലുകള്‍ക്കും തമ്പടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.



