11
Aug 2026
Tue
11 Aug 2026 Tue
Mohsen Rezaee

തെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ രാജ്യത്തിന്റെ സുപ്രധാന പദവികളില്‍ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. ഐ.ആര്‍.ജി.സി (IRGC) മുന്‍ കമാന്‍ഡറും ദീര്‍ഘകാല രാഷ്ട്രീയ നേതാവുമായ മുഹ്‌സിന്‍ റിസാഇയെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സമിതിയുടെ തലവനായി നിയമിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1980-കളിലെ ഇറാഖ് യുദ്ധകാലത്ത് ഉള്‍പ്പെടെ 16 വര്‍ഷത്തോളം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന മൊഹ്‌സെന്‍ റിസാഇയെ, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ (SNSC) സെക്രട്ടറിയായും പരമോന്നത തീരുമാനമെടുക്കുന്ന സമിതിയിലേക്കുള്ള ഖാംനഇയുടെ പ്രതിനിധിയായുമാണ് നിയമിച്ചത്.

ഇതോടൊപ്പം ആറ് പുതിയ സൈനിക പദവികളിലും തിങ്കളാഴ്ച ഔദ്യോഗിക നിയമനങ്ങള്‍ നടന്നു. അലി അബ്ദുള്ളാഹിയെ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫായും, അലി ഓസ്മയെയെ ഐ.ആര്‍.ജി.സി നാവികസേനയുടെ തലവനായും നിയമിച്ചു. ഫെബ്രുവരി അവസാന വാരം ആരംഭിച്ച യു.എസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് പാക്പൂറിന് പകരം ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയെ മേജര്‍ ജനറല്‍ പദവിയോടെ ഐ.ആര്‍.ജി.സി കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി സ്ഥിരീകരിച്ചു.

അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ തങ്ങളുടെ കര്‍ശന നിലപാടുകളില്‍ ഇളവ് വരുത്തില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നിയമനങ്ങളെന്ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ മിഡില്‍ ഈസ്റ്റ് പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ സിനാ അസോദി പറഞ്ഞു. യു.എസിനെതിരെയുള്ള നിരന്തരമായ പ്രതിരോധം തന്ത്രപരമായി അത്യാവശ്യമാണെന്ന കാഴ്ചപ്പാടാണ് ഖാംനഇക്കും വഹിദിക്കും ഐ.ആര്‍.ജി.സി നേതൃത്വത്തിനുമുള്ളതെന്ന് അസോദി അല്‍ ജസീറയോട് പറഞ്ഞു.

ALSO READ: കടുത്ത കുറ്റങ്ങള്‍ ചെയത ടിജി മോഹന്‍ ദാസിന് ജാമ്യം കിട്ടാന്‍ ഇടയാക്കിയത് പോലീസിന്റെ പിടിപ്പ് കേട്; വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി

ഐ.ആര്‍.ജി.സിയിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും വലിയ സ്വാധീനമുള്ള നേതാവാണ് റിസാഇ. സംഘടനയുടെ ആന്തരിക ഐക്യം ശക്തിപ്പെടുത്തുന്നതിനും നേതൃത്വത്തിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ നിയമനം ലക്ഷ്യമിടുന്നത്.

71-ക്കാരനായ റിസാഇ മുമ്പ് തര്‍ക്കപരിഹാര സമിതിയായ എക്‌സ്പീഡിയന്‍സി കൗണ്‍സിലിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 മുതല്‍ 2024 വരെയുള്ള ഇബ്രാഹിം റെയ്സി ഭരണകൂടത്തിന്റെ കാലത്ത് ഉയര്‍ന്ന തലത്തിലുള്ള സാമ്പത്തിക ഏകോപന ചുമതലകളും അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. നാല് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇറാന്‍ ആക്രമണത്തില്‍ പിതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ മകന്‍ മുജ്തബ ഖാംനഇ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റെടുത്തു. തുടര്‍ന്നുള്ള യുദ്ധസാഹചര്യത്തില്‍ റസാഇ പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവായി സജീവമായി രംഗത്തുണ്ട്. അമേരിക്കയ്ക്കും ഇസ്രായേലിനും പ്രദേശത്തെ മറ്റ് ശക്തികള്‍ക്കും മുന്നില്‍ പ്രതിരോധത്തിന്റെ സന്ദേശമാണ് അദ്ദേഹം നിരന്തരം നല്‍കുന്നത്.

ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനായി ജൂണില്‍ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തോട് (MoU) റിസാഇ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ‘ചര്‍ച്ചകളെ എതിര്‍ക്കുന്ന സുഹൃത്തുക്കളോട് കാത്തിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അമേരിക്കക്കാര്‍ തന്നെ ഇത് തകര്‍ക്കുകയും ഫലപ്രാപ്തിയിലെത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും,’ എന്ന് ജൂലൈ ആദ്യം അദ്ദേഹം പ്രസ്താവിച്ചിരുന്നു.

നയതന്ത്രം, സാമ്പത്തികം, സുരക്ഷ എന്നിവ സംയോജിപ്പിച്ച് യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള ഇറാന്റെ വലിയ തന്ത്രപരമായ പുനഃസംഘടനയുടെ തുടക്കമാണ് റിസാഇയുടെ നിയമനമെന്ന് വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട വൃത്തങ്ങളും അറിയിച്ചു.

Tags: Iran News, Mohsen Rezaee, IRGC, Mojtaba Khamenei, Supreme National Security Council, SNSC Iran, US Iran War, Middle East Crisis, World News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക