ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും പെണ്‍കുട്ടികളെ ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്ത ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് എളുപ്പത്തില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയത് പോലീസിന്റെ പിടിപ്പ് കേട് മൂലമെന്ന് വ്യക്തമാക്കി കോടതി ഉത്തരവ്. ജാമ്യം ലഭിച്ചതില്‍ പൊലീസിന്റെ വീഴ്ച കോടതി എണ്ണിപ്പറഞ്ഞു. തിരുവനന്തപുരം എസിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പോലീസ് ഒത്തുകളി സംശയിക്കുന്ന പരാമര്‍ശങ്ങള്‍.
|
പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ല എന്നാണ് കോടതി നിരീക്ഷണം. അറസ്റ്റ് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. സുപ്രിംകോടതിയുടെ ഭരണഘടനാപരമായ നിര്‍ദ്ദേശത്തെ പൊലീസ് അവഗണിച്ചു. അറസ്റ്റ് നിയമ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണ്. നോട്ടീസ് നല്‍കുക എന്നതാണ് പൊതുനിയമം. അല്ലാതെയുള്ള അറസ്റ്റ് അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.
നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യമില്ലെന്ന് പറഞ്ഞ കോടതി നോട്ടീസ് നല്‍കിയാല്‍ പ്രതി ഒളിവില്‍ പോകുമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളുകയാണുണ്ടായത്. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയെങ്കില്‍ നോട്ടീസ് നല്‍കാതിരിക്കാനാവില്ലെന്നും, ഇക്കാര്യത്തില്‍ പൊലീസിന് തടസവാദം പറയാനായില്ലെന്നും കോടതി പറയുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റിന്റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇല്ല. പൊലീസിന്റേത് അനുമാനങ്ങള്‍ മാത്രമെന്നാണ് എസിജെഎം കോടതിയുടെ നിരീക്ഷണം.
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതിയുടെ വിധിക്ക് നേരെ കണ്ണടയ്ക്കാനാവില്ലെന്നും നിയമത്തില്‍ നിന്ന് വ്യതിചലിച്ച് പ്രതിയെ പൊലീസിന് കസ്റ്റഡില്‍ വെക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം.
ALSO READ:ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ജാമ്യം
എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചു. പ്രതിയുടെ വീട്ടില്‍ സെര്‍ച്ച് നടത്തി തെളിവുകള്‍ ശേഖരിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് ബോധ്യപ്പെടുത്താനായില്ലെന്നതാണ് പൊലീസിന്റെ മറ്റൊരു വീഴ്ചയായി കോടതി വ്യക്തമാക്കുന്നത്. പ്രതി ഒളിവില്‍ പോകുമെന്ന സാഹചര്യവും പൊലീസിന് ബോധ്യപ്പെടുത്താനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ വീട്ടില്‍ നിന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
ടിജി മോഹന്‍ദാസിന്റെ ആക്ഷേപങ്ങള്‍ ബാധിക്കാത്തയാളുടെ പരാതിയിലാണ് കേസെടുത്തതെന്നതും മറ്റൊരു വീഴ്ച്ചയാണെന്ന് കോടതി വ്യക്തമാക്കി. ടിജി മോഹന്‍ദാസിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടര്‍ന്നും ഉപയോഗിക്കാം എന്ന് നിരീക്ഷിച്ച കോടതി സാമൂഹിക മാധ്യമങ്ങളിലൂടെ കേസിനാധാരമായ കാര്യങ്ങള്‍ പറയുന്നതിന് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകും
വിദ്യാര്‍ത്ഥികള്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുടച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഇതുകൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടതുണ്ട്.
ഉപാധികളോടെയാണ് ടി ജി മോഹന്‍ദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നല്‍കിയത്. മോഹന്‍ദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യല്‍ (BNS 192), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കല്‍ (BNS 79), സമൂഹത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറല്‍ (KP Act 120(o)) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Tags: TG Mohandas, Kerala Police, Thiruvananthapuram ACJM Court, TG Mohandas Bail, RSS Leader Case, Kerala News, Malayalam News, BNS 192, Legal News Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



