31
Jan 2026
Wed
31 Jan 2026 Wed
iran us war

Iran us conflict  അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് തെഹ്റാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, മിഡില്‍ ഈസ്റ്റിലെ താവളങ്ങളില്‍ നിന്ന് അമേരിക്ക ചില ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ഒരു യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭ്യന്തര പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ ഭരണകൂടം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഇടപെടുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.

മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി പ്രധാന താവളങ്ങളില്‍ നിന്ന് ചില ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ നിന്നും ആളുകളെ മാറ്റുന്നുണ്ടെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു.

ആക്രമണ സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഎസ് സൈനിക ഇടപെടല്‍ ഉണ്ടായേക്കുമെന്ന് രണ്ട് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ട്രംപ് തീരുമാനമെടുത്തു കഴിഞ്ഞതായും എന്നാല്‍ സമയവും രീതിയും വ്യക്തമല്ലെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇറാന്റെ ഭീഷണി

സൗദി അറേബ്യ, യുഎഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട്, തങ്ങളുടെ മണ്ണിലെ യുഎസ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ആ താവളങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ തുര്‍ക്കി വിദേശകാര്യ മന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി രണ്ട് തവണ സംസാരിച്ചു.

ALSO READ: ‘അഹങ്കാരിയായ ചൂതാട്ടക്കാരാ, യുദ്ധക്കളത്തില്‍ ഞങ്ങള്‍ എത്തരക്കാരാണെന്ന് കാണിച്ചുതരാം; അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

ഇറാനിലെ പ്രതിഷേധങ്ങളില്‍ ഇതുവരെ 2,400-ലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ HRANA റിപ്പോര്‍ട്ട് ചെയ്യുന്നു. 1979-ലെ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ അടിച്ചമര്‍ത്തലാണിതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചു.

അതിനിടെ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇറാനെതിരേ ട്രംപിന്റെ ഭീഷണി

പ്രതിഷേധക്കാരെ വധിച്ചാല്‍ ഇറാനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘സഹായം ഉടന്‍ എത്തും’ എന്ന് അദ്ദേഹം പ്രതിഷേധക്കാരോട് പറയുകയും ചെയ്തു. അതേസമയം, വിദേശ ശത്രുക്കളാണ് രാജ്യത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഇറാന്റെ സൈനിക മേധാവി അബ്ദുള്‍റഹീം മൂസാവി ആരോപിച്ചു.

ആക്രമണം അന്തര്‍വാഹിനികളില്‍ നിന്നോ?

മേഖലയില്‍ യുഎസ് സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നില്ല. ഈ സാഹചര്യത്തില്‍ ഇറാനെതിരെ ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ അമേരിക്ക അന്തര്‍വാഹിനികള്‍ (Submarines) ഉപയോഗിക്കാനാണ് സാധ്യത കൂടുതലെന്ന് സൈന്യം വിലയിരുത്തുന്നു.