മുംബൈ: ‘രഹസ്യ ഓപറേഷനില്‍’ ചേര്‍ന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചെന്ന് വെളിപെടുത്തി ഐ.എസ് കേസ് പ്രതി. കല്യാണ്‍ സ്വദേശി അരീബ് മജീദ് ആണ് കോടതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് ഇക്കാര്യം ചൂണ്ടിക്കാട്ടി അരീബ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
|
സൈനിക ഉദ്യോഗസ്ഥരുടെ വേഷത്തില്‍ രണ്ട് പേര്‍ തന്നെ സമീപിച്ചതായും ഒരു രഹസ്യ ഓപ്പറേഷനില്‍ പങ്കുചേര്‍ന്നാല്‍ തന്റെ വിചാരണ ‘പൂര്‍ണമായും ഒഴിവാക്കിത്തരാമെന്ന്’ വാഗ്ദാനം ചെയ്തതായുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍.ഐ.എ) പ്രത്യേക കോടതി വിശദീകരണം തേടി.
അരീബ് മജീദിന്റെ പരാതി ഫയലില്‍ സ്വീകരിച്ച പ്രത്യേക ജഡ്ജി സി.എസ് ബാവിസ്‌കര്‍ ആണ് എന്‍.ഐ.എക്കും ബസാര്‍പേട്ട് പൊലിസിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസയച്ചത്. കേസന്വേഷിച്ച ഉദ്യോഗസ്ഥനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
സംഭവം അതീവ ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി, വ്യാജരേഖ ചമയ്ക്കല്‍, പ്രലോഭനം നല്‍കി സ്വാധീനിക്കല്‍, നീതിന്യായ നിര്‍വഹണത്തില്‍ ഇടപെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതായി പറഞ്ഞു.
ഈ മാസം 21നാണ് സംഭവം നടന്നന്ന് അരീബ് മജീദ് പറയുന്നു. താന്‍ വീട്ടിലില്ലാത്ത സമയത്ത് ഒരു സ്ത്രീയും പുരുഷനും വീട്ടിലെത്തിയതായി ഭാര്യ ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് ഫോണിലൂടെ സംസാരിച്ചപ്പോള്‍ തങ്ങള്‍ മിലിട്ടറി ഇന്റലിജന്റിസില്‍ നിന്നുള്ളവരാണെന്നും കൂടെയുള്ളത് മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അവര്‍ അവകാശപ്പെട്ടു. ചില രഹസ്യ ദൗത്യങ്ങളില്‍ സഹായിച്ചാല്‍ നിലവിലുള്ള ക്രിമിനല്‍ കേസ് ഇല്ലാതാക്കാമെന്ന് സംഘം വാഗ്ദാനം ചെയ്തു.
പ്രത്യേക മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദേശത്തുള്ളവരുമായി സംസാരിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് പില്‍ക്കാലത്ത് തനിക്കെതിരേ പുതിയ തെളിവുകളായി ഉപയോഗിക്കപ്പെടുമെന്ന് അരീബ് ഭയപ്പെട്ടു. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൃത്യമായി നല്‍കിയില്ല. പിന്നീട് പ്രാദേശിക പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇവര്‍ സുരക്ഷാ വിഭാഗത്തിലുള്ളവരാണെന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ പൊലിസ് സമ്മര്‍ദം ചെലുത്തിയതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള കേസ് ഒഴിവാക്കാന്‍ എക്‌സിക്യൂട്ടീവ് അധികാരികള്‍ക്ക് കഴിയില്ലെന്നിരിക്കെ, ഇത് തന്നെ കെണിയില്‍ പെടുത്താനുള്ള നീക്കമാണെന്ന് അരിബീന് ബോധ്യമായി. നിയമവിരുദ്ധമായ ആനുകൂല്യങ്ങളോ ഒത്തുതീര്‍പ്പുകളോ തേടുന്നില്ലെന്നും നിയമപരമായ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ തന്റെ കേസ് പരിശോധിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അരീബ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു.
2014ല്‍ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയെന്നാരോപിച്ചാണ് അരീബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. ഇസ്‌റായേല്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ 2021ലാണ് അരീബിന് ജാമ്യം ലഭിച്ചത്. കാര്യമായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നുമില്ല. നിലവില്‍ കേസിലെ വിചാരണ അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് കേസില്‍ ദുരൂഹമായ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.




