ഫോണില്‍ ഫുള്‍ചാര്‍ജ് ചെയ്തിറങ്ങിയിട്ടും പെട്ടെന്ന് ചാര്‍ജ് തീര്‍ന്നു പോകുന്നതായി പരാതിപ്പെടുന്നവരാണ് മിക്കവരും. യാത്രകളിലൊക്കെ ഇത് വലിയ പ്രശ്‌നമാവാറുണ്ട്. ബാറ്ററി പ്രശ്‌നത്തേക്കാള്‍ ഫോണിലെ ചില സെറ്റിങ്സുകള്‍ ആയിരിക്കാം ഇതിന് പ്രധാന കാരണം. ഫോണിന്റെ ആയുസ്സ് വര്‍ധിപ്പിക്കാനും ഇടയ്ക്കിടയ്ക്കുള്ള ചാര്‍ജിങ് ഒഴിവാക്കാനും സെറ്റിങ്‌സിലെ ചെറിയ ചില മാറ്റങ്ങളിലൂടെ സാധിക്കും.
|
ബാറ്ററി തീര്‍ക്കുന്ന വില്ലന്മാരില്‍ ഒന്നാമന്‍ ഫോണ്‍ സ്‌ക്രീനിന്റെ ബ്രൈറ്റ്നസ് ആണ്. എപ്പോഴും കൂടിയ ബ്രൈറ്റ്നസില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചാര്‍ജ് വേഗത്തില്‍ കുറയാന്‍ കാരണമാകും. ഇതിന് പരിഹാരമായി ബ്രൈറ്റ്‌നസ് നന്നായി കുറച്ച് വയ്ക്കുകയോ അല്ലെങ്കില്‍ ‘ഓട്ടോ-ബ്രൈറ്റ്നസ്’ അല്ലെങ്കില്‍ ‘അഡാപ്റ്റീവ് ബ്രൈറ്റ്നസ്’ ഫീച്ചര്‍ ഓണ്‍ ചെയ്യുക. ഇത് ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച് സ്‌ക്രീന്‍ ബ്രൈറ്റ്നസ് ക്രമീകരിക്കും. കൂടാതെ, അമോലെഡ് (AMOLED) ഡിസ്പ്ലേ ഉള്ള ഫോണുകളില്‍ ‘ഡാര്‍ക്ക് മോഡ്’ ഉപയോഗിക്കുന്നത് വലിയ അളവില്‍ ബാറ്ററി ലാഭിക്കാന്‍ സഹായിക്കും.
പലപ്പോഴും നമ്മള്‍ ഉപയോഗിക്കാത്ത ആപ്പുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. സോഷ്യല്‍ മീഡിയ ആപ്പുകള്‍, ലൊക്കേഷന്‍ ഉപയോഗിക്കുന്ന മാപ്പുകള്‍ എന്നിവ ഡാറ്റയോടൊപ്പം ബാറ്ററിയും ഉപയോഗിക്കുന്നു. സെറ്റിങ്സില്‍ പോയി ഇത്തരം ആപ്പുകളുടെ ‘ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി’ നിയന്ത്രിക്കുന്നത് ഉചിതമായിരിക്കും. കൂടാതെ, ആവശ്യമില്ലാത്ത സമയങ്ങളില്‍ ലൊക്കേഷന്‍, ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഓഫ് ചെയ്തു വെക്കുന്നതും ബാറ്ററി ലൈഫ് കൂട്ടാന്‍ സഹായിക്കും.
ഫോണിലെ നോട്ടിഫിക്കേഷനുകള്‍ ആണ് മറ്റൊരു ഘടകം. ഓരോ തവണ നോട്ടിഫിക്കേഷന്‍ വരുമ്പോഴും സ്‌ക്രീന്‍ തെളിയുന്നതും ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നതും ചാര്‍ജ് ഊറ്റും. അനാവശ്യമായ ആപ്പുകളുടെ നോട്ടിഫിക്കേഷനുകള്‍ ഡിസേബിള്‍ ചെയ്യുന്നത് നല്ലതാണ്. അതുപോലെ തന്നെ ‘സ്‌ക്രീന്‍ ടൈം ഔട്ട്’ സമയം കുറച്ചു വെക്കുക (ഉദാഹരണത്തിന് 30 സെക്കന്‍ഡ്). ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീന്‍ ഉടന്‍ തന്നെ ഓഫ് ആകുന്നു എന്ന് ഇത് ഉറപ്പുവരുത്തും.
സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ കൃത്യമായി ചെയ്യുന്നത് ബാറ്ററി കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. കമ്പനികള്‍ പുറത്തിറക്കുന്ന പുതിയ അപ്ഡേറ്റുകളില്‍ പലപ്പോഴും ബാറ്ററിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളും ബഗ് പരിഹാരങ്ങളും ഉണ്ടാകാറുണ്ട്.





