|
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഈസ്റ്റ് ബംഗാളിന് വിജയം. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് വിജയം. നായകൻ ക്ലീറ്റൺ സിൽവ 77-ാം മിനുറ്റിലാണ് ടീമിന്റെ വിജയഗോൾ നേടിയത്. ആദ്യപകുതിയുടെ തുടക്കത്തിൽ ബംഗാളിനാണ് കളിയിൽ ആധിപത്യം എങ്കിലും രണ്ടാംപകുതിയുടെ മധ്യത്തിൽ ഏറെക്കുറേ കളി പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലായിരുന്നുവെങ്കിലും ഭാഗ്യം ഉണ്ടായില്ല.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണ ഫുട്‌ബോളുമായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളുണ്ടായി. എന്നാൽ പതിയെ പന്ത് കൈവശം പിടിച്ച് ആധിപത്യം സ്ഥാപിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു.
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ പതിവായി ഇടംപിടിക്കാറുള്ള മലയാളം താരം സഹൽ അബ്ദുസ്സമദിനെയും ഒന്നാം ഗോൾകീപ്പർ ഗില്ലിനെയും പുറത്തിരുത്തിയാണ് ടീം ഇറങ്ങിയത്. 60 ാം മിനിറ്റിലാണ് സഹൽ ഇറങ്ങിയത്.
ഇന്നത്തെ തോൽവിയോടെ 16 മത്സരങ്ങളിൽനിന്ന് ആറുതോൽവിയും ഒമ്പത് വിജയവുമായി 28 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.



