ലബനാന് അതിര്‍ത്തിഗ്രാമങ്ങളിലെ വീടുകള്‍ കൂട്ടത്തോടെ ശാസ്ത്രീയമായ സ്ഫോടനങ്ങളില്‍ തകര്‍ത്ത് ഇസ്രായേല്‍. ദക്ഷിണ ലബനാനിലെ വീടുകളെല്ലാം ഇത്തരം സ്ഫോടനങ്ങളിലൂടെ തുടച്ചുനീക്കിയതായി ഗാര്ഡിയന് റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ സേന വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച ശേഷം ഇത് വിദൂര നിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിക്കുകയാണ് ചെയ്യുന്നത്.
തയ്ബ, നഖൂറ, ദീര് സെര്യന് ഗ്രാമങ്ങളിലെ വീടുകളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ തകര്‍ത്തുകളഞ്ഞു. മറ്റ് ഗ്രാമങ്ങളിലും ഇസ്രായേല്‍ സേനയുടെ ആക്രമണം തുടരുകയാണെന്ന് ലബനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
|
ഗസയിലെ റഫയിലും ബെയ്ത് ഹനൂനിലും പരീക്ഷിച്ച മാതൃകയാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ലബനീസ് ഗ്രാമങ്ങളിലെ വീടുകള്‍ക്കു നേരെയും നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഗാര്ഡിയന് പറയുന്നു. റഫയിലെ 90 ശതമാനത്തിലേറെ വീടുകളും ഇസ്രായേല്‍ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. മേഖലയിലൊന്നും ജനവാസമുണ്ടാവാതിരിക്കാന് ഉറപ്പുവരുത്തുകയാണ് ഈ സ്ഫോടനങ്ങളിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.
അതേസമയം ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ലബനാനു നേരെയുള്ള ആക്രമണം തുടരുന്നതിനെ തുടര്‍ന്ന് ഇറാന് കരാറില്‍ നിന്ന് പിന്‍വാങ്ങുകയും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തുടരുകയുമാണ്. പാകിസ്താന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്കു ധൃതിയില്ലെന്നാണ് വിഷയത്തില്‍ ഇറാന്റെ പ്രതികരണം.





