30
Aug 2023
Thu
30 Aug 2023 Thu

കരുനാഗപ്പള്ളി: പരസ്പര സാഹോദര്യത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളൂവെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള വൈസ് പ്രസിഡന്റ് മൗലാനാ അബ്ദുശ്ശകൂർ ഖാസിമി പ്രസ്താവിച്ചു. നമ്മുടെ മുൻഗാമികൾ പരസ്പര ഐക്യത്തോടെയും സാഹോദര്യത്തോടെയും നിതാന്ത പരിശ്രമം കാഴ്ച വച്ചപ്പോൾ നമ്മുടെ ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു. വികസനത്തിന്റെ പൊയ് മറകൾ സൃഷ്ടിച്ചാണ് ബ്രിട്ടിഷുകാർ അവരുടെ അക്രമങ്ങൾ മറച്ചുവച്ചതെങ്കിൽ ഇതേ ശൈലിയിൽ വിദ്വേഷത്തിന്റെയും വർഗീയതയുടെയും ശക്തികൾ വികസനത്തിന്റെ പെരുമ്പറകൾ മുഴക്കി അക്രമങ്ങളെയും അനീതികളെയും മറച്ച് വെക്കുവാൻ ശ്രമിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ നിർണായക സാഹചര്യത്തിൽ ജാതി മത വർഗങ്ങൾക്ക് അതീതമായി ഈ രാജ്യത്തിന്റെ മക്കൾ പരസ്പര കാരുണ്യത്തോടെയും സ്നേഹത്തോടെയും ഐക്യത്തോടെയും പരിശ്രമിച്ചാൽ മാത്രമേ നമ്മുടെ മുൻഗാമികൾ പോരാടി നേടിയ സ്വാതന്ത്ര്യം നിലനിർത്തുവാൻ സാധിക്കുകയുള്ളൂ അദ്ദേഹം പറഞ്ഞു.
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പോരാടി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് ഖാരി മുഹമ്മദ് ത്വയ്യിബ് ഖാസിമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് ഷാഫി ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

കേരളാ ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ: കെ.പി.മുഹമ്മദ് സാഹിബ്, ശരീഅതുൽ ഇസ്‌ലാം മദ്റസ പ്രിൻസിപ്പാൾ ഉസ്താദ് അബ്ദുസ്സലാം ഖാസിമി , താലൂക്ക് ജനറൽ സെക്രട്ടറി സൽമാൻ അസ്‌ലമി, അബ്ദുർ റഷീദ് ഹസനി,ഖാസിം മുസ്തഫാ കൗസരി, ഷറഫുദ്ദീൻ അസ്‌ലമി, ഇൽയാസ് ഹാദി , അബ്ദുസ്സലാം ഹുസ്നി, നവാസ് അസ്‌ലമി, ഖാളി മുഹ്സിൻ ഖാസിമി,മുഖ്താർ ഹുസ്നി,അബ്ദുർ റഷീദ് പുത്തൻ വീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.