മുംബൈ: റിലയൻസ് കമ്യൂണിക്കേഷന് കീഴിലുള്ള ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി. 199 രൂപയ്ക്ക് ലഭ്യമായിരുന്ന എൻട്രി ലെവൽ പ്ലാൻ ഒഴിവാക്കുകയും 299 രൂപയുടെ പുതിയ എൻട്രിലെവൽ പ്ലാൻ അവതരിപ്പിക്കുകയുമാണ് ചെയ്തത്.
|
ജിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജിയോ പ്ലസ് എന്ന പേരിൽ നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചത്. ഒന്നലധികം കണക്ഷനുകൾ നൽകുന്ന പ്ലാനുകളായിരുന്നു ഇവ. ഇതിന് പിന്നാലെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്ക് പരോക്ഷമായി നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. നിരക്ക് വർധനവ് കമ്പനി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും എൻട്രിലെവൽ പ്ലാനുകളിൽ മാറ്റം വരുത്തിയാണ് കമ്പനി താരിഫ് നിരക്ക് വർധനവ് നടപ്പാക്കുന്നത്. എയർടെല്ലും ഇതേ തന്ത്രം തന്നെയാണ് നടപ്പാക്കുന്നത്.
ജിയോയുടെ എൻട്രിലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ നേരത്തെ 199 രൂപ മുതലാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ 299 രൂപ നൽകിയാൽ മാത്രമേ എൻട്രിലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ലഭിക്കുകയുള്ളു. 199 രൂപയുടെ പ്ലാൻ കമ്പനി വെബ്‌സൈറ്റിൽ നിന്നും ഒഴിവാക്കി. ഇനി മുതൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ ഒരു മാസം 299 രൂപയോ അതിൽ കൂടുതലോ സേവനങ്ങൾക്കായി ചിലവഴിക്കേണ്ടി വരും. 299 രൂപ പ്ലാനിലൂടെയും കുറച്ച് ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കുന്നുള്ളു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ജിയോ ഇപ്പോൾ നൽകുന്ന എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനായ 299 രൂപയുടെ പ്ലാൻ പുതുതായി അവതരിപ്പിച്ചതാണ്. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 30 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് നൽകുന്നത്. ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. നിങ്ങൾ ജിയോ 5ജിയുള്ള നഗരത്തിലാണ് ജീവിക്കുന്നത് എങ്കിലും 5ജി ഫോൺ ഉപയോഗിക്കുന്നുണ്ട് എങ്കിലും ജിയോയുടെ വെൽക്കം ഓഫറും ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്.
299 രൂപ വിലയുള്ള ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ജിയോ ടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് ആപ്പ് ആക്‌സസുകളും നൽകുന്നുണ്ട്. ആദ്യമായി പോസ്റ്റ്‌പെയ്ഡ് കണക്ഷൻ എടുക്കുന്ന ആളുകൾ 375 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി വേണം ഈ പ്ലാൻ തിരഞ്ഞടുക്കാൻ. എല്ലാവരും ഈ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ടതില്ല. ജിയോ തന്നെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യമില്ലാത്ത വിഭാഗം ഉപയോക്താക്കൾ ആരൊക്കെയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
199 രൂപ വിലയുള്ള പ്ലാനും പുതിയ 299 രൂപ പ്ലാനും തമ്മിൽ ആനുകൂല്യങ്ങളുടെ കാര്യത്തിലുള്ള വ്യത്യാസം 5 ജിബി ഡാറ്റ മാത്രമാണ്. പുതിയ പ്ലാനിലൂടെ 5 ജിബി ഡാറ്റ അധികമായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങളെല്ലാം 199 രൂപ പ്ലാനിലും ലഭ്യമായിരുന്നത് തന്നെയാണ്. ഈ 5 ജിബി ഡാറ്റയ്ക്കാണ് 100 രൂപ അധികമായി നൽകേണ്ടി വരുന്നത്.


