25
May 2024
Wed
25 May 2024 Wed
vatakara kafir statement

കോഴിക്കോട്: വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യാപകമായി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കോടതിയിലേക്ക്.  ( Kafir whatsappp message in Vadakara; youth league worker to court )
തന്റെ പേരില്‍ കാഫിര്‍ പരാമര്‍ശമുള്ള വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയെ സമീപിക്കുമെന്ന് വടകര തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.കെ. മുഹമ്മദ് കാസിം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ സന്ദേശം സി.പി.എം ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നത്. സന്ദേശം താന്‍ അയച്ചതല്ലെന്ന് വടകര പൊലീസിന് വ്യക്തമായെങ്കിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ തയ്യാറാകുന്നില്ലെന്നാണ് കാസിമിന്റെ പരാതി. ഫോണും മറ്റു വിവരങ്ങളും കാസിം പോലീസിന് കൈമാറിയിരുന്നു. ഔദ്യോഗിക അന്വേഷണ റിപോര്‍ട്ട് പുറത്തു വരാത്ത സാഹചര്യം മുതലെടുത്ത് സിപിഎം വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കും വിധം കാഫിര്‍ പരാമര്‍ശത്തെ ഉപയോഗിക്കുന്നുണ്ട്. കാഫിറായ ശൈലജയ്ക്ക് വോട്ട് ചെയ്യരുതെന്ന് ലീഗ് പ്രചാരണം നടത്തിയെന്നും സ്ഥാനാര്‍ഥി പറമ്പിലിന്റെ അറിവോടെയാണ് ഈ പ്രചാരണം നടത്തിയതെന്നും സിപിഎം പ്രചരിപ്പിക്കുന്നു.

അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്ന് വടകര പൊലീസ് അറിയിച്ചു. വാട്‌സാപ്പ് ഉടമകളായ മെറ്റയില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും വടകര പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് എസ്.പി ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മറുപുറത്ത് വടകരയിലെ വര്‍ഗീയ പ്രചാരണത്തിനിതിരേ എന്ന പേരില്‍ സിപിഎമ്മും ക്യാംപയിന്‍ നടത്തുന്നുണ്ട്.

വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്‍ എം.എല്‍.എ കെ.കെ ലതിക സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.