03
Dec 2025
Sun
03 Dec 2025 Sun
kanuur violence

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലയിടത്തും സിപിഎം അക്രമം. കണ്ണൂര്‍ പാറാട് മുസ്ലിം ലീഗ് പവര്‍ത്തകന്റെ വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടി വടിവാളുമായി എത്തിയ അക്രമി സംഘം. കാറും ബൈക്കും നശിപ്പിച്ചു. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുന്നോത്തപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ആക്രമണം. കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ 25 വര്‍ഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകള്‍ നേടി ഭരണം പിടിച്ചിരുന്നു. ഇതിന്റെ സന്തോഷ പ്രകടനങ്ങള്‍ പാറാട് അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് അക്രമം.

കറുത്ത വസ്ത്രം ധരിച്ച് പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ ചിതറിയോടി. എന്നാല്‍ ഓടി രക്ഷപ്പെട്ടവരെ പിന്തുടര്‍ന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച് അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ സ്ഫോടക വസ്തു എറിയുന്നതും പിന്നീട് ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുന്നതും കാണാം.

വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവര്‍ത്തകരെ തേടി വീടുകളിലെത്തിയത്. ഒരു യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വലിയ വടിവാളുകളുമായി എത്തിയ സംഘം ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്. വീട്ടിലെത്തിയ ഒരാള്‍ വടിവാളുയര്‍ത്തി വെട്ടാനോങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു.

സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പാറാട് മേഖലയില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായ പാനൂര്‍ മേഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

കാസര്‍കോട് ചെറുവത്തൂരില്‍ സിപിഎം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബളാലില്‍ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വയനാട് കല്‍പറ്റയിലും ആഘോഷപ്രകടനത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കോട്ടയത്ത് മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. പളളിക്കത്തോട് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ എത്തിയ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദ്രോഗിയായിരുന്ന പളളിക്കത്തോട് സ്വദേശി ജോണ്‍ പി തോമസ് ആണ് മരിച്ചത്. കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് യുഡിഎഫ് പരാതി.