Kanthapuram kerala yathra കണ്ണൂര്‍: ‘മനുഷ്യര്‍ക്കൊപ്പം’ എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്ര ജനുവരി രണ്ടിന് കണ്ണൂരിലെത്തും.
|
രാവിലെ ഒമ്പതിന് പയ്യന്നൂരില്‍ യാത്രക്ക് വരവേല്‍പ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് നാലിന് കണ്ണൂര്‍ പ്രഭാത് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന യാത്രയില്‍ പ്രത്യേകം തയാറാക്കിയ സെന്റിനറി ഗാര്‍ഡ് അംഗങ്ങള്‍ അണിനിരക്കും. വൈകീട്ട് അഞ്ചിന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം പട്ടുവം കെ.പി. അബൂബക്കര്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി എന്നിവര്‍ വിഷയാവതരണം നടത്തും. കെ. സുധാകരന്‍ എം.പി, സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന സന്ദേശം കൂടുതല്‍ ശക്തമായി പറയേണ്ടതും നടപ്പാക്കേണ്ടതുമായ കാലമാണിതെന്നും വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുകയെന്ന ആശയമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ സമസ്ത ജില്ല മുശാവറ ജനറല്‍ സെക്രട്ടറി പി.പി. അബ്ദുല്‍ ഹഖീം സഅദി, കേരള യാത്ര ജില്ല സമിതി ജനറല്‍ കണ്‍വീനര്‍ എം.കെ. ഹാമിദ്, ജനറല്‍ സെക്രട്ടറി ഹനീഫ് പാനൂര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഭാരവാഹികളായ മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുറസാഖ് മാണിയൂര്‍, എസ്.വൈ.എസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി, പി.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.


