24
Oct 2024
Sat
24 Oct 2024 Sat
Kappa Biriyani Challenge by Amayar MES School students to earn money for study tour

ആമയാര്‍: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സംഘടനകളും കൂട്ടായ്മകളും പലവിധ മേളകളും ചാലഞ്ചുകളും നടത്തുന്നത് പതിവ് കാഴ്ചയാണെങ്കില്‍ സ്‌കൂളിലെ പഠനയാത്രയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടി ഭക്ഷ്യമേള നടത്തി വേറിട്ട മാതൃക സ്വീകരിച്ചിരിക്കുകയാണ് ഇടുക്കി ആമയാര്‍ എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റെല്ലാ ക്ലാസുകളില്‍ നിന്നും സഹപാഠികള്‍ പഠനയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം എന്തുചെയ്യണമെന്ന് അറിയാതെ നിരാശരായ വിദ്യാര്‍ഥികളാണ് പണം കണ്ടെത്താനായി അധ്യാപകരുടെ പിന്തുണയോടെ സ്‌കൂളില്‍ കപ്പ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. സ്‌കൂളിലെ കുട്ടികള്‍ക്കും സമീപത്തെ വീടുകളിലും തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നുവര്‍ക്കും ഉള്‍പ്പെടെ ഭക്ഷ്യകൂപ്പണുകള്‍ മുന്‍കൂട്ടി വിതരണം ചെയ്താണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൂളിലെ കാന്റീനില്‍ വച്ചു തന്നെ കപ്പബിരിയാണി പാകം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളും പിന്തുണയുമായി അധ്യാപകരും പിടിഎയും രംഗത്തിറങ്ങിയതോടെ മേള ഗംഭീര വിജയമായി. ഉദ്ദേശിച്ചതിലും മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പരിപാടിക്ക് ലഭിച്ചതെന്ന് ക്ലാസ് അധ്യാപകന്‍ ഷരീഫ് എ പറഞ്ഞു.

മറ്റുള്ള ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഹ്യൂമാനിറ്റീസ് ക്ലാസിലെ കുട്ടികള്‍ക്ക് പഠനയാത്രയ്ക്ക് വരുന്ന ഭീമമായ തുക വഹിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി അധ്യാപകരും ക്ലാസിലെ കുട്ടികളും മുന്നിട്ടിറങ്ങി മേള സംഘടിപ്പിക്കുകയായിരുന്നു. പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിറോസ് സി എം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷൈന്‍ ജോസ്, ഷരീഫ് എ, അബ്ദുള്‍ റഷീദ് പി പി നേതൃത്വം നല്‍കി.