30
Mar 2023
Wed
30 Mar 2023 Wed

ന്യൂഡല്‍ഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും. 80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് വിധീയെഴുതുക. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 9,17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 29, 141 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും.

നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. സ്ഥാനാർഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് ബോധപൂർവമാണ്. വാരാന്ത്യ അവധി എടുത്ത് ആളുകൾ വോട്ട് ചെയ്യാതിരിക്കുന്നത് തടയാൻ ആണ് തീരുമാനം.

കർണാടകത്തിലെ ത്രികോണപ്പോര് ബിജെപിക്കും കോൺഗ്രസിനും ജെഡിഎസിനും അഭിമാനപ്രശ്നമാണ്. അതേസമയം, അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.