ബെംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ യെലഹങ്കയിലെ ‘ബുള്‍ഡോസര്‍ രാജി’ല്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഇരുട്ടടി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് നല്കണമെങ്കില് പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉപാധി.
|
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ബയ്പ്പനഹള്ളിയില്‍ സൗജന്യമായി വീട് നല്‍കുമെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. എ്ന്നാല്‍, വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. 11.2 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നല്‍കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വിശദമാക്കുന്നത്.
ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അര്‍ഹരായവരെ കണ്ടെത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. നിലവില്‍ താമസിച്ചിരുന്ന ഇടം നല്‍കാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും
ശനിയാഴ്ചയാണ് കര്‍ണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നൂറുകണക്കിന് വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും വീടുകള്‍ പൊളിച്ചുമാറ്റിയത്.
ഉര്‍ദു ഗവണ്മെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേര്‍ന്നുള്ള ഭൂമിയാണ് താമസക്കാര്‍ കൈയേറിയതെന്ന് ജിബിഎ ഉദ്യോഗസ്ഥര്‍ ആരോപിച്ചത്.പുലര്‍ച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കല്‍ യജ്ഞത്തില്‍ 350 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായിരുന്നു.
എന്നാല്‍, 30 വര്‍ഷമായി തങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങള്‍ക്കുണ്ടെന്നും ഇവിടെ താമസിച്ചിരുന്നവര്‍ പറയുന്നു. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് വീടുകള്‍ തകര്‍ത്ത് തങ്ങളെ വഴിയാധാരമാക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





