കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്. പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നായിരുന്നു മന്ത്രി ഒ ജെ ജനീഷിന്റെ അവകാശവാദം. എന്നാല്‍, അറസ്റ്റിലായ ഉടനെ പ്രതി മുഹമ്മദ് ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അറിയിച്ചതോടെ മന്ത്രി വെട്ടിലായി.
|
മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് അറസ്റ്റിലായവരെന്നതിന് ഇതിനകം തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആയിരുന്ന മുഹമ്മദ് ഹുസൈന്‍ പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്.
വെങ്ങോല പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ 142-ാം ബൂത്ത് പ്രസിഡന്റ് ആണ് ഹുസൈന്‍. പിടിയിലായവരെല്ലാം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. തൂഫാനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റാലിയുടെ മുന്‍നിരയില്‍ തന്നെ ഹുസൈന്‍ ഉണ്ടായിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അബ്ദുള്‍ സലാം നിയമസഭയിലും എത്തിയിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പുള്ള സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ വാര്‍ത്ത സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മെറ്റ നീക്കം ചെയ്തിരുന്നു. റിപ്പോര്‍ട്ടറിന്റെ രണ്ട് വാര്‍ത്തകളാണ് ഇന്നലെ ഫേസ്ബുക്കില്‍ നിന്നും സര്‍ക്കാര്‍ ഇടപെടലില്‍ മെറ്റ നീക്കം ചെയ്തത്. കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതായുള്ള വാര്‍ത്തയും നീക്കം ചെയ്തിരുന്നു.
Tags: Kasaragod Drug Case, Youth Congress, VD Satheesan, OJ Janeesh, MDMA Seized, Operation Thoofan, Kerala Police, Crime News Malayalam, Kerala Politics
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




