25
Jun 2024
Fri
25 Jun 2024 Fri
Shruhti chandra shekharan honey trap

കാസറഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകള്‍. (Kasaragod Honey trap case: Shruthi chandrashekharan has more than one matrimoney account ) പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ മാട്രിമോണിയല്‍ വഴിയുള്ള ശ്രുതിയുടെ തട്ടിപ്പിന് ഇരയായതായി സൂചന. ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്ക് ഒത്താശ ചെയ്തതായും സംശയമുയര്‍ന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍ സ്വദേശിയായ പോലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പോലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നു. പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലെ സിഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.

തൃശൂരിലെ പോലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ശ്രുതിയുടെ വലയില്‍ കുരുക്കി. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ശ്രുതി നലവില്‍ ഒളിവില്‍ കഴിയുകയാണ്.

പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. തട്ടിപ്പിന് സ്വന്തം മക്കളെയും ഉപയോഗിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങള്‍ അന്വേഷിച്ച ബന്ധുവിനെയും, പോലീസ് ഉദ്യോഗസ്ഥനെയും പോക്‌സോ കേസില്‍ കുടുക്കിയിരുന്നു. ശ്രുതി ചന്ദ്രശേഖരന്‍ വിരിച്ച വലയില്‍ കുടുങ്ങിയ പോലീസുകാരനെതിരെ ആദ്യം സ്ത്രീ പീഡനത്തിനാണ് യുവതി പരാതി നല്‍കിയത്. ജയിലിലായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തു. പിന്നാലെ ജാമ്യത്തിലിറങ്ങി ശ്രുതി ചന്ദ്രശേഖരനെ കുറിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് വിവരങ്ങള്‍ പുറത്താവുമെന്ന് മനസിലായതോടെ യുവതി ഈ ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ് നല്‍കുകയായിരുന്നു.

2023 ല്‍ നല്‍കിയ കേസിപ്പോള്‍ മംഗളൂരുവില്‍ നടക്കുകയാണ്. ശ്രുതിയുടെ തട്ടിപ്പ് മനസിലായി ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ ബന്ധുവായ അറുപതുകാരനെയും യുവതി പോക്‌സോ കേസില്‍ കുടുക്കി. പിന്നീട് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. തട്ടിപ്പ് പുറത്താവുമെന്ന് മനസ്സിലാവുമ്പോഴാണ് ശ്രുതി ചന്ദ്രശേഖരന്‍ മക്കളെ ദുരുപയോഗം ചെയ്യുന്നത് എന്നാണ് വിവരം.