ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിത നീക്കം. പാർട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനെ രാജ്യസഭയിലെത്തിച്ചു പാർലമെൻ്റിൽ മോദി സർക്കാരിനെ നേരിടാൻ ആണ് നീക്കം. പാർട്ടി ഭരിക്കുന്ന പഞ്ചാബില്‍ നിന്നും രാജ്യസഭയില്‍ എത്താനാണ് ശ്രമമെന്നു മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇതിനായി പാർട്ടി രാജ്യസഭാംഗം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന. മറ്റൊരു രാജ്യസഭ എംപിയും കെജരിവാളിനായി സീറ്റൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
|
നിലവിൽ പഞ്ചാബിൽ അടുത്തെങ്ങും രാജ്യസഭയിലേക്ക് ഒഴിവില്ല. പകരം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ സഞ്ജീവ് അറോറയെ പാർട്ടി മത്സരിപ്പിക്കും. അറോറ വിജയിച്ചാല്‍ മാത്രമേ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കൂ. ഇതോടെയാകും രാജ്യസഭയിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുക. കെജ്രിവാൾ പാർലമെൻ്റിൽ എത്തുന്നത് പ്രതിപക്ഷത്തിന് കരുത്ത് പകരും. വിജയിച്ചാൽ സഞ്ജീവ് അറോറയെ ഭഗവന്ത് മന്‍ മന്ത്രിസഭയിലും ഉള്‍പ്പെടുത്തുകയും ചെയ്യും.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ്മയോടാണ് കെജരിവാള തോല്‍വി വഴങ്ങിയത്. ജയിച്ച പര്‍വേശ് മന്ത്രി ആകുകയും ചെയ്തു.


