09
Apr 2026
Thu
09 Apr 2026 Thu
mohan lal voting

കൊച്ചി: കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. സ്ഥാനാര്‍ഥികള്‍ അടക്കമുളള പ്രമുഖര്‍ ബൂത്തിലെത്തി. സംസ്ഥാനം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണമെന്നതിനൊപ്പം പ്രധാന മുന്നണികളുടെയും നേതാക്കളുടെയും രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കപ്പെടുന്ന നിര്‍ണായക വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.

മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.

എസ്.ഐ.ആറിന് ശേഷം തയ്യാറാക്കിയ വോട്ടര്‍പട്ടിക അനുസരിച്ചുള്ള ആദ്യതിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഉണ്ട്. വൈകിട്ട് ആറുമണിവരെ പോളിങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ അവസരം ഉണ്ടാകും. ആകെ 30,495 പോളിംങ് ബൂത്തുകളാണുള്ളത്.

2040 എണ്ണം പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 76000 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. എല്ലാ ബൂത്തുകളില്‍നിന്നും വെബ് കാസ്റ്റിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനായി ആദ്യമെത്തുന്നവര്‍ക്ക് സൗജന്യ കോഫി, മധുരം നല്‍കല്‍ എന്നിവയും ഇത്തവണത്തെ പ്രത്യേകതയാണ്.

നൂറിലധികം സീറ്റുകള്‍ നേടും : വി ഡി സതീശന്‍

കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറിലധികം സീറ്റുകള്‍ നേടും. ദേശീയ സര്‍വ്വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു. കേരളത്തിലെ ചില തട്ടിക്കൂട്ട് സര്‍വ്വേകള്‍ ജനങ്ങള്‍ മുഖവരയ്ക്ക് എടുക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ലെന്നുംതെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.