17
Mar 2026
Tue
17 Mar 2026 Tue
congress leaders

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ കീറാമുട്ടിയായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് നേരത്തേ വിഡി സതീശന്‍ പറഞ്ഞിരുന്നത്. എന്നാല്‍, സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതില്‍ ഇനി സമയമെടുക്കും എന്നാണ് 48 മണിക്കൂര്‍ തികയുമ്പോഴും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതിയുണ്ടോ, സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും വേണുഗോപാലിന് മറുപടിയുണ്ടായില്ല. ലിസ്റ്റ് വരുമ്പോള്‍ എല്ലാം ക്ലിയറാകുമെന്ന് മാത്രമായിരുന്നു പ്രതികരണം. തീരുമാനങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പറഞ്ഞു. 50ല്‍ അധികം സീറ്റുകളില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

ALSO READ: എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; 12ഉം 13ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ സതീശന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ സതീശന്‍ ക്ഷുഭിതനായിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും ഒറ്റസ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാനാകാത്തവിധം പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. മുന്നണിക്കുള്ളിലും കലഹം രൂക്ഷമാണ്. മത്സരിച്ച സീറ്റുപോലും പിടിച്ചെടുക്കുന്ന കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പരസ്യമായി രംഗത്തെത്തി. ഇതിനിടെ മുന്നണിയെ കാത്തുനില്‍ക്കാതെ ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുസ്ലിംലീഗിലും പ്രശ്നങ്ങളുണ്ട്.

ഫെബ്രുവരി രണ്ടാംവാരത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ ആവര്‍ത്തിച്ച യുഡിഎഫിന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചപോലും പൂര്‍ത്തിയാക്കാനായില്ല.