22
Jan 2023
Sun
22 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം സ്വന്തം തട്ടകത്തിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പകുതിയിലെ രണ്ടു ഗോളുകളുടെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ ഒമ്പതാം വിജയം സ്വന്തമാക്കിയത്. 42, 44 മിനിറ്റുകളിൽ ഗ്രീക്ക് മുന്നേറ്റതാരം ദിമിത്രിയോസ് ഡയമെന്റകോസാണ് ബ്ലാസ്റ്റേഴ്‌സിനായി രണ്ടും ഗോളും നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ 40 മിനിറ്റോളം ബ്ലാസ്റ്റേഴ്‌സിനെക്കൊണ്ട് ഗോളടിപ്പിക്കാതെ നോർത്ത് ഈസ്റ്റ് പിടിച്ചുനിന്നെങ്കിലും അവസാന മിനിറ്റുകളിലെ തുടർ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ തുണച്ചു. ഇന്ത്യൻ മിഡ്ഫീൽഡർ ബ്രൈസ് മിറാൻഡ നൽകിയ ക്രോസിൽ, നോർത്ത് ഈസ്റ്റ് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയെയും കാഴ്ചക്കാരാക്കി ഹെഡർ ചെയ്താണ് ദിമി ബ്ലാസ്റ്റേഴ്‌സിനായി ആദ്യം ലീഡെടുത്തത്. ഒരു മിനിറ്റിനപ്പുറം അഡ്രിയൻ ലൂണയുടെ ത്രൂ ബോളിൽ ദിമിയുടെ രണ്ടാം ഗോൾ പിറന്നു.

ബോക്‌സിന്റെ മധ്യത്തിൽനിന്നുള്ള ഗ്രീക്ക് താരത്തിന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് വലയുടെ ഇടതു ഭാഗത്താണു പതിച്ചത്. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന് ഗോളവസരങ്ങൾ പലതു ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 25 ഓളം ഷോട്ടുകളാണ് ഇരു പകുതികളിലുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നോർത്ത് ഈസ്റ്റ് പോസ്റ്റിലേക്കു പായിച്ചത്.

നേരത്തെ ടീമിലെ പതിവുകാരായ ഗോളി പ്രഭ്‌സുഖൻ ഗില്ലിനെയും മധ്യനിര താരം മലയാളിയായ സഹൽ അബ്ദുൽ സമദിനെയും പ്ലേയിങ് ഇലവനിൽനിന്ന് പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഇറങ്ങിയത്. പരുക്കുമാറി തിരിച്ചെത്തിയ ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്‌കോവിച്ചിനെ ബ്ലാസ്റ്റേഴ്‌സ് പ്ലേയിങ് ഇലവനിലോ, പകരക്കാരുടെ നിരയിലോ ഉൾപ്പെടുത്തിയില്ല.