ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ബംഗളൂരു എഫ്.സിക്ക് മുമ്പിൽ കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 32- ാം മിനിറ്റിൽ ഫിജി താരം റോയ് കൃഷ്ണ നേടിയ ഗോളിനാണ് ബംഗളൂരുവിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.
|
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കടന്ന് ജാവി ഹെർണാണ്ടസ് നൽകിയ പാസിൽനിന്നാണ് ബംഗളൂരു ആദ്യ ഗോൾ നേടിയത്. പന്തു ലഭിച്ച റോയ് കൃഷ്ണ പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് ബുദ്ധിമുട്ടേറിയ ആംഗിളിൽ എടുത്ത ഷോട്ട്, ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭ്‌സുഖൽ ഗില്ലിന് പാളിയതോടെ വലയിലെത്തി.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ തകർത്ത അതേ ടീമിനെ നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിൽ ഇറങ്ങിയത്. ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്‌കോവിച്ച് ഇത്തവണയും പ്ലേയിങ് ഇലവനിലോ, പകരക്കാരുടെ നിരയിലോ ഇല്ല.
31 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനക്കാരാണു ബ്ലാസ്റ്റേഴ്‌സ്. 3 മത്സരം ബാക്കിനിൽക്കെ നോക്കൗട്ട് ഉറപ്പാക്കാൻ ഇനി വേണ്ടത് ഒരേയൊരു ജയം മാത്രം.
ടീം ഇവരാണ്
ബ്ലാസ്റ്റേഴ്‌സ്:പ്രഭ്‌സുഖൻ ഗിൽ (ഗോൾ കീപ്പർ), വിക്ടർ മോംഗിൽ, നിഷുകുമാർ, റിയുവ ഹോർമിപാം, ജെസ്സൽ കർണെയ്‌റോ, ജീക്‌സൻ സിങ്, ഇവാൻ കല്യൂഷ്‌നി, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി, അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമെന്റകോസ്.
ബെംഗളൂരു: ഗുർപ്രീത് സിങ് സന്ധു (ഗോൾ കീപ്പർ), പരാഗ്, സന്ദേശ് ജിങ്കാൻ, അലൻ, റോഷൻ സിങ്, പ്രബീർ ദാസ്, ബ്രൂറോ, ജാവി, രോഹിത്, റോയ് കൃഷ്ണ, ശിവശക്തി.



