29
Aug 2023
Sun
29 Aug 2023 Sun

രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതിയെ അതിസാഹസികമായി പിടികൂടി; ഡ്യൂട്ടിയില്‍ സേനയ്ക്ക് അഭിമാനമായി സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൃത്യ നിര്‍വ്വഹണത്തില്‍ കേരളത്തിലെ പോലീസ് സേനയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.കെ നിഷാദ്. പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയായ മോഷണക്കേസ് പ്രതിയെ അതിസാഹസികമായാണ് നിഷാദ് പിടികൂടിയത്. മുര്‍ഷിദാബാദ് സ്വദേശി ഷോഹില്‍ മണ്ഡലിന് (21) പിന്നാലെ ഓടുന്നതിനിടെ 25 അടി താഴ്ചയിലേക്ക് വീണ് നിഷാദിന്റെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാലിന്റെ മൂന്ന് വിരലുകള്‍ക്ക് പൊട്ടലേറ്റ നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മതിലിനു മുകളില്‍ കയറിയ പ്രതിയുടെ ചവിട്ടേറ്റു താഴെ വീണാണ് നിഷാദിന്റെ കാലൊടിഞ്ഞത്.

വര്‍ക്‌ഷോപ്പില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ട്‌സ് മോഷ്ട്ടിച്ചെന്ന കേസിലാണ് മുര്‍ഷിദാബാദ് സ്വദേശി ഷോഹില്‍ മണ്ഡലും മറ്റൊരു പ്രതിയും അറസ്റ്റിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലിലെത്തിച്ചു. ജയിലിന് മുന്നില്‍വച്ച് വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരെ തള്ളിയിട്ട് ഷോഹില്‍ മണ്ഡല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസുകാരും ഓടി. നിഷാദ് പ്രതിയെ വട്ടം പിടിച്ചു. കുതറിമാറി ശ്രമിക്കുന്നതിനിടെ പ്രതിയും നിഷാദും വീണ് മുറിവേറ്റെങ്കിലും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.