കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് 1,02,000 രൂപയായിരുന്നു ഇവരുടെ വില.
|
ആഗോളവിപണിയില്‍ വില ഇടിയുന്നു
ട്രോയ് ഔണ്‍സിന് 4500 ഡോളറിന് മുകളിലെ വരെ എത്തിയിരുന്ന സ്വര്‍ണം ആഗോളവിപണിയില്‍ വന്‍ വിലയിടിവാണ് നേരിടുന്നത്. സ്‌പോട്ട് ഗോള്‍ഡിന് ഇന്ന് മാത്രം 170.92 ഡോളര്‍ കുറഞ്ഞു. 4,363.24 ഡോളറാണ് വില. 3.77 ശതമാനമാണ് ഇടിഞ്ഞത്. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്.
അതേസമയം, കുത്തനെ ഇടിഞ്ഞ യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇന്ന് പതിയെ തിരിച്ചു കയറുന്നുണ്ട്. 0.81 ശതമാനം കൂടി 4,378.70 ഡോളറാണ് ഇന്നത്തെ വില. 35.10 ഡോളറാണ് കൂടിയത്.
ഇന്നലെ വില മാറിമറിഞ്ഞത് പലതവണ
ആഗോള വിപണിയില്‍ വില ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇരുവിഭാഗം സ്വര്‍ണവ്യാപാരി സംഘടനകളും ഇന്നലെ പലതവണയായി വ്യത്യസ്ത വിലയാണ് നിശ്ചയിച്ചത്. ജി.എസ്.എം.എ മൂന്ന് തവണയും എ.കെ.ജി.എസ്.എം.എ നാലുതവണയുമാണ് വില മാറ്റി നിര്‍ണയിച്ചത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ഗ്രാമിന് 12765രൂപയും പവന് 1,02,120 രൂപയുമാണ് എ.കെ.ജി.എസ്.എം.എ അംഗത്വമുള്ള ഷോറൂമുകളിലെ വില. അതേസമയം, ജി.എസ്.എം.എ ഷോറൂമുകളില്‍ ഗ്രാമിന് 12,750 രൂപയും പവന് 1,02,000 രൂപയുമായിരുന്നു വൈകീട്ടത്തെ വില.
ഇരുവിഭാഗവും ഏറെനാളായി ഒരേവിലനിലവാരമാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍, ശനിയാഴ്ച വൈകീട്ട് 5.35ന് എ.കെ.ജി.എസ്.എം.എ ഗ്രാമിന് 110 രൂപ വര്‍ധിപ്പിച്ചതോടെ വ്യത്യസ്ത വിലയായി. ശനിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഗ്രാമിന് 13055 രൂപയും പവന് 1,04,440 രൂപയുമായിരുന്നു എ.കെ.ജി.എസ്.എം.എയുടെ വില. അതേസമയം, ഗ്രാമിന് 12,945രൂപയും പവന് 1,03,560 രൂപയുമായിരുന്നു ജി.എസ്.എം.എയുടെ വില.





