26
Jun 2024
Thu
26 Jun 2024 Thu
Kerala Rain Updates: Heavy rain today, will continue for five more days; Orange in two places, yellow in seven places

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. (Kerala heavy rain updates: Two deaths, orange alert, Holiday for educational institutes)  മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത മൂന്നു ദിവസംവരെ സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ ആലപ്പുഴയില്‍ രണ്ട് പേര്‍ മരിച്ചു. ആറാട്ടുവഴിയില്‍ ട്യുഷന്‍ കഴിഞ്ഞ് മടങ്ങിയ ബാലന്‍ മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തേക്ക്പറമ്പ് വീട്ടില്‍ അലി അക്ബര്‍- ഹസീന ദമ്പതികളുടെ ഏക മകന്‍ അല്‍ ഫയാസാണ് (13) മരിച്ചത്. കനത്ത മഴയില്‍ മരം വീണ് പൊട്ടിയ കേബിള്‍ ടി.വിയുടെ കമ്പി നന്നാക്കാനെത്തിയ ടെക്‌നീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആര്യാട് പഞ്ചായത്ത് 13ാം വാര്‍ഡ് പഷ്ണമ്പലത്തുവെളി പി. പ്രജീഷാണ് (38) മരിച്ചത്. പാതിരപ്പള്ളി പാട്ടുകുളത്തിന് സമീപം ബുധനാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിനീതയാണ് ഭാര്യ. മക്കള്‍: പ്രണവ്, പ്രവണ്‍.

വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ ഈ കാലവര്‍ഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. ശരാശരി 69.6 മില്ലിമീറ്റര്‍. കോട്ടയം കിടങ്ങൂരില്‍ 199 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. കേന്ദ്ര ജല കമീഷന്‍ പ്രളയ മുന്നറിയിപ്പ് സംവിധാന പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമണ്‍ സ്റ്റേഷന്‍ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷന്‍ (മണിമല നദി) എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം -മന്ത്രി രാജന്‍

മധ്യ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്തു പലയിടങ്ങളിലും കനത്തമഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. കാലവര്‍ഷക്കെടുതി സംബന്ധിച്ച് ജില്ല കലക്ടര്‍മാരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേരള തീരത്തു പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.