13
Jan 2026
Fri
13 Jan 2026 Fri
kerala kumbh mela

Kerala Kumbh Mela സംഘപരിവാര സഹയാത്രികരുടെ നേതൃത്വത്തില്‍ നടക്കുന്ന ഉല്‍സവത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ഭാരതപ്പുഴയ്ക്ക് കുറുകേ താല്‍ക്കാലിക പാലം നിര്‍മിക്കും. കേരള കുംഭമേള എന്ന പേരില്‍ മലപ്പുറം തിരുനാവായ ഭാരതപ്പുഴയോരത്ത് മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് നിര്‍വഹിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഭാരതപ്പുഴയില്‍ താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ സമൂഹമാധ്യമങ്ങളില്‍ തിരികൊളുത്തിയത്. കടുത്ത വര്‍ഗീയത ഇളക്കിവിടുന്ന രീതിയിലായിരുന്നു പ്രചാരണം. സര്‍ക്കാരിനെ വെല്ലുവിളിച്ച് കൊണ്ട് ചില സന്യാസിമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ മഹാമാഘമഹോത്സവ സമിതി ചെയര്‍മാന്‍ അരീക്കര സുധീര്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സംഘാടകര്‍ വ്യാഴാഴ്ച കലക്ടര്‍ വി.ആര്‍. വിനോദുമായി ചര്‍ച്ചനടത്തിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാനും ചടങ്ങുകള്‍ നടത്താനും ജില്ല ഭരണകൂടം വാക്കാല്‍ അനുമതിനല്‍കി. 21 നിര്‍ദേശങ്ങളാണ് കലക്ടര്‍ സംഘാടകര്‍ക്കു നല്‍കിയത്. നിര്‍ത്തിവെച്ച പാലം നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ ദിവസം താല്‍ക്കാലിക നിര്‍മാണങ്ങള്‍ തടഞ്ഞു നല്‍കിയ സ്റ്റോപ് മെമ്മോ പിന്‍വലിക്കുകയോ നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക അനുമതി രേഖാമൂലം നല്‍കുകയോ ചെയ്തിട്ടില്ല. നവംബര്‍ 14ന് മഹാമാഘ ഉത്സവത്തിന്റെ സംഘാടക സമിതിയും 15ന് കോഴിക്കോട് സാമൂതിരിയും നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് 2 ദിവസം ശേഷിക്കെ കലക്ടറുടെ ഇടപെടല്‍ ഉണ്ടായത്.

കലക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും കര്‍മപദ്ധതി തയാറാക്കി നല്‍കാനും സംഘാടകസമിതി തയാറാണെന്നാണ് വിവരം. താത്കാലിക പാലം ഇന്ന് വൈകിട്ടോടെ നിര്‍മാണം പുര്‍ത്തിയാക്കും. 300 പേരെ വഹിക്കാനുള്ള ശേഷിയാണ് പാലത്തിനുള്ളത്. 300 മീറ്റര്‍ നീളമുള്ള പാലത്തിന് 12 അടി വീതിയുണ്ട്. 12 അടിയോളം പുഴയില്‍ താഴ്ത്തിയ കമുകുകളാണ് പാലത്തിന്റെ തൂണുകള്‍. തിരുനാവായയില്‍ നിന്ന് പുഴയിലുള്ള യജ്ഞശാലയിലേക്ക് പോകാനാണ് പാലം നിര്‍മിച്ചത്.

തിരുനാവായയില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് 16,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍ തയാറാക്കിയിട്ടുണ്ട്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച പന്തല്‍ ഭക്ഷണ വിതരണത്തിനുള്ളതാണ്. ഈ പന്തലിനു പിന്നില്‍ വിഐപി മുറികള്‍ തയാറാക്കും. പുഴയില്‍ പുല്‍ക്കാട് വെട്ടി തയാറാക്കിയ എട്ട് ഏക്കറില്‍ യജ്ഞശാലയുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തി.