24
May 2025
Sat
24 May 2025 Sat
Kerala Rain Alert: Rain continue for 5 more days as Yellow alert in 9 districts today

തിരുവനന്തപുരം: കേരളത്തില്‍ രാവിലെ മുതല്‍ തന്നെ അതിതീവ്ര മഴ തുടരുകയാണ്. ഇന്നും കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇക്കാരണത്താല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് എല്ലായിടത്തും പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശക്തമായ മഴ തുടരുന്നതിനിടെ വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വള്ളം തിരയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി.ആന്റണി (53) ആണ് മരിച്ചത്. പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തില്‍ സ്റ്റെല്ലസിനെ (48) ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. സ്റ്റെല്ലസിനായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും തിരച്ചില്‍ നടത്തുകയാണ്. വ്യാഴാഴ്ച രാത്രി 11ഓടെ വിഴിഞ്ഞം തീരത്തുനിന്ന് നാലു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

മത്സ്യബന്ധനത്തിന് വിലക്ക്

കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് ജൂണ്‍ മൂന്ന് വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടലാക്രമണത്തിന് സാധ്യത

കേരള തീരത്ത് ഇന്നു രാവിലെ 11.30 വരെ 2.7 മുതല്‍ 3.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാകായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

Kerala Rain Alert: Heavy rain in the state since morning, one person died after a fisherman’s boat capsized in Vizhinjam,