30
Jul 2023
Thu
30 Jul 2023 Thu

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് രൂക്ഷമായ മഴക്കെടുതിക്കിടയാക്കി. മലപ്പുറം വളാഞ്ചേരി കാട്ടിപ്പരത്തി റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് അട്ടപ്പാടിയില്‍ മഴയെത്തുടര്‍ന്നു തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ മരം വീണാണ് വൈദ്യുതിലൈന്‍ പൊട്ടിയത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു കെഎസ്ഇബി അറിയിച്ചു. കൊല്ലം, എറണാകുളം ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്. എറണാകുളം കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ ദുരിതത്തിലായി. കൊല്ലം ബീച്ചിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കടലെടുത്തു, സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. വയനാട്ടില്‍ മഴയെത്തുടര്‍ന്ന് നൂല്‍പുഴ കല്ലൂര്‍പുഴ കരകവിഞ്ഞതോടെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു.

ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി പാടത്ത് മടവീണു. വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കിഴക്ക് നിന്ന് പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തോട്ടപ്പള്ളിയില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ച് ജലനിരപ്പ് ക്രമപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളംകയറി. ഇത് വാഹനഗതാഗതത്തെ ബാധിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. തിരുവല്ല പത്തനംതിട്ട റോഡില്‍ മൂന്നിടത്താണ് വെള്ളക്കെട്ട് ഉള്ളത്. റാന്നി പ്ലാങ്കമണ്ണില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കൊടിയത്തൂര്‍ ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

കണ്ണൂര്‍ കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റിയാടി, തൊട്ടില്‍പ്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ രാമവര്‍മപുരത്ത് വന്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് നാലുപോസ്റ്റുകള്‍ തകര്‍ന്നു. ദേശീയപാതയിലെ കുതിരാനില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. കസ്റ്റഡിയിലെടുത്ത എട്ടുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊല്ലത്ത് കടലാക്രമണ രൂക്ഷമായി തുടരുകയാണ്.

കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളരിക്കുണ്ട് പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞതും ഗതാഗതത്തെ ബാധിച്ചു. അതേസമയം കോട്ടയത്ത് മഴ കുറഞ്ഞതോടെ, മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് കുറഞ്ഞു. വയനാട്ടില്‍ നൂല്‍പുഴ കല്ലൂര്‍പുഴ കരകവിഞ്ഞ് പുഴങ്കുനി കോളനി ഒറ്റപ്പെട്ടു.