24
Aug 2025
Sun
24 Aug 2025 Sun
Kerala Rain Updates: Heavy rain today, will continue for five more days; Orange in two places, yellow in seven places

തിരുവനന്തപുരം: അവധിദിനമായ ഇന്ന് ഞായറാഴ്ച പുറത്തിറങ്ങാനുള്ള ആഗ്രഹം മാറ്റിവയ്‌ക്കേണ്ടിവരും. കാരണം ശക്തമായ മഴയാണ് ഇന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതുപ്രകാരം രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തല്‍. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓറഞ്ച്: കണ്ണൂര്‍, കാസര്‍കോട്
യെല്ലോ: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളില്‍ പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.

തെക്കന്‍ ഛത്തീസ്ഗഡിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതു നാളെയോടെ ഗുജറാത്തിനു മുകളില്‍ ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെടുമെന്നാണ് പ്രവചനം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
വടക്കു പടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഈ മാസം 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മറ്റന്നാള്‍ വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Kerala Rain Updates: Heavy rain today, will continue for five more days; Orange in two places, yellow in seven places