26
Dec 2023
Sat
26 Dec 2023 Sat

കേരള വര്‍മയില്‍ എസ്എഫ്‌ഐ തന്നെ: റീ കൗണ്ടിംഗിലും അനിരുദ്ധന് ജയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: കേരളവര്‍മ കോളേജില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ ഇലക്ഷനില്‍ റീകൗണ്ടിംഗിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധനാണ് വിജയിച്ചത്. മൂന്ന് വോട്ടുകള്‍ക്കാണ് ജയം. എസ്എഫ്ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ 892 വോട്ടും കെ.എസ്.യുവിന്റെ ശ്രീക്കുട്ടന്‍ 889 വോട്ടും നേടി.

ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ ജയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്.

കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ഥികളും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേര്‍ന്നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി അസാധു വോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എഐഎസ്എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതി രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് ലഭിച്ചത് 895 വോട്ടായിരുന്നു. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. തെഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‌യു രംഗത്ത് വന്നതോടെയാണ് വിവാദമായതും സംഭവം കോടതിയിലെത്തിയതും.

എസ്എഫ്‌ഐക്കെതിരെ നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്കും നുണകള്‍ക്കും കനത്ത തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്എഫ്‌ഐ അറിയിച്ചു.