കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ഒപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
|
കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത നിലനില്‍ക്കുന്നു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37°-C വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ താപനില 36°-C വരെയും ഉയരാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കുള്ള സാധ്യത കാണുന്നു. ഇതോടൊപ്പം ഇടിമിന്നല്‍ ജാഗ്രതയും കേന്ദ്രം പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇത്തവണ ഈ മാസം അവസാനം ആകും കാലവര്‍ഷമെത്തുക. 2025 ലെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) മെയ് 27 ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കൂടി കണക്കാക്കുന്നുണ്ട്. നാളെയോട് കൂടി (മെയ് 13) ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
തുടര്‍ന്നുള്ള 45 ദിവസത്തിനുള്ളില്‍, തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ് , കൊമോറിന്‍ മേഖലയുടെ ചില ഭാഗങ്ങള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും ആന്‍ഡമാന്‍ കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കാനും സാധ്യത കാണുന്നു.
Kerala Weather Update: Rain with thunderstorm likely in Kerala today


