22
Jun 2026
Mon
22 Jun 2026 Mon
Kevin Pina - Cape Verde

മിയാമി: ഫിഫ ലോകകപ്പില്‍ വമ്പന്മാരായ ഉറുഗ്വെയെ സമനിലയില്‍ തളച്ച് ചരിത്രം കുറിച്ച് കേപ് വെര്‍ദെ. ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം (2-2) നേടി പിരിയുകയായിരുന്നു. ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച കേപ് വെര്‍ദെ, രണ്ടാം മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയ്ക്കെതിരെയും അസാധ്യ വീര്യമാണ് പുറത്തെടുത്തത്. ലോകകപ്പ് ചരിത്രത്തില്‍ കേപ് വെര്‍ദെയുടെ ആദ്യ ഗോള്‍ നേടി മിഡ്ഫീല്‍ഡര്‍ കെവിന്‍ പിന മത്സരത്തിലെ ഒറ്റരാത്രികൊണ്ട് ഹീറോയായി മാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഉറുഗ്വെ പ്രതിരോധ മതിലിനെയും ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയെയും അമ്പരപ്പിച്ചു കൊണ്ട് കെവിന്‍ പിന തൊടുത്ത ലോങ് റേഞ്ച് ഫ്രീക്കിക്ക് കൃത്യമായി വലയില്‍ ചെന്നുപതിക്കുകയായിരുന്നു. ഈ ഗോളോടെ കേപ് വെര്‍ദെ മത്സരത്തില്‍ 1-0 ന് മുന്നിലെത്തി. കേപ് വെര്‍ദെയുടെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച മിയാമി സ്റ്റേഡിയിലെ ആരാധകര്‍ ആവേശക്കടലായി മാറി. വെറും അഞ്ചര ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യം ഇപ്പോള്‍ ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിന്റെ തൊട്ടരികിലാണ്.

ആരാണ് കെവിന്‍ പിന?

റഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ എഫ്സി ക്രാസ്നോദറിന് (FC Kranosdar) വേണ്ടിയാണ് 27-കാരനായ കെവിന്‍ പിന നിലവില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായി 27 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം, ടീമിനെ റണ്ണേഴ്സ് അപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കേപ് വെര്‍ദെയുടെ തലസ്ഥാനമായ പ്രിയയില്‍ (Praia) ജനിച്ച പിന, പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഒലിവൈറെന്‍സിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 2022-ല്‍ ലീച്ചന്‍സ്റ്റീനെതിരെയുള്ള സൗഹൃദ മത്സരത്തിലൂടെയാണ് താരം അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്.

പോരാട്ടം കടുപ്പിച്ച് കേപ് വെര്‍ദെ

മത്സരത്തില്‍ പിനയിലൂടെ കേപ് വെര്‍ദെ ആദ്യ ലീഡ് എടുത്തതിനു പിന്നാലെ ശക്തമായി തിരിച്ചടിച്ച ഉറുഗ്വെ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മാക്‌സിമിലിയാനോ അറൗഹോ, അഗസ്റ്റിന്‍ കനോബിയോ എന്നിവരിലൂടെ രണ്ട് ഗോളുകള്‍ നേടി 2-1 ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ഉറുഗ്വെ ഗോളി ഫെര്‍ണാണ്ടോ മുസ്ലേരയ്ക്ക് പറ്റിയ പിഴവ് മുതലെടുത്ത് ഹീലിയോ വരേല കേപ് വെര്‍ദെയ്ക്കായി സമനില ഗോള്‍ നേടി.

അടുത്ത ശനിയാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേപ് വെര്‍ദെ സൗദി അറേബ്യയെ നേരിടും. ആദ്യ മത്സരത്തില്‍ സ്‌പെയിനോട് 4-0 ന് പരാജയപ്പെട്ട സൗദിക്കെതിരെ വിജയിക്കാനായാല്‍ കേപ് വെര്‍ദെയ്ക്ക് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം.

Kevin Pina: The Man Who Scripted History For Cape Verde