29
Feb 2024
Sat
29 Feb 2024 Sat

മുഖത്തെയുള്‍പ്പെടെ തൊലി വെളുക്കാന്‍
ഫെയര്‍നെസ് ക്രീം ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെയാണ്. ഇപ്പോഴിതാ അങ്ങനെ ഫെയര്‍നെസ് ക്രീം തേച്ച് രണ്ട് പേരുടെ വൃക്ക തകരാറിലായിരിക്കുന്നു. നവി മുംബൈയിലാണ് സംഭവം. ഇവിടെയൊരു ആശുപത്രിയില്‍ ശരീത്തില്‍ നീര് വച്ചും മൂത്രത്തില്‍ അസാധാരണമാംവിധം പ്രോട്ടീൻ കണ്ടും അഡ്മിറ്റ് ചെയ്തതാണ് ഈ രോഗികളെ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നീട് വൃക്ക വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തൊലി വെളുക്കാൻ തയ്യാറാക്കുന്ന ‘സ്കിൻ ലൈറ്റനിങ് ക്രീമു’കളില്‍ കണ്ടുവരുന്ന ‘ഹെവി മെറ്റലു’കളുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

24 വയസുള്ള ഒരു പെണ്‍കുട്ടിയും 56 വയസുള്ളൊരു പുരുഷനും ആണ് ഫെയര്‍നെസ് ക്രീം തേച്ചതിനെ തുടര്‍ന്ന് വൃക്ക തകരാര്‍ നേരിട്ടിരിക്കുന്നത്. ഇരുവരും മാസങ്ങളാണ് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചത്. ഒരാള്‍ക്ക് വീടിന് അടുത്തുള്ളൊരു ഡോക്ടറും ഒരാള്‍ക്ക് പതിവായി മുടി വെട്ടുന്നയാളും ആണ് ഈ ക്രീം നിര്‍ദേശിച്ചത്.

ഹെര്‍ബല്‍ ചേരുവകളാണ് ക്രീമിന്‍റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. എന്തായാലും മാസങ്ങളോളം ഇത് തേച്ചതിന് ശേഷം വിവിധ ശാരീരികപ്രശ്നങ്ങള്‍ കാണുകയും ഒടുവില്‍ ദേഹത്ത് നീര് വരികയും ചെയ്തതോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

രണ്ട് പേരും സമയബന്ധിതമായി ചികിത്സ തേടിയതിനാല്‍ തന്നെ ഫലപ്രദമായ ചികിത്സയിലൂടെ ഇവരെ ഭേദപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നവി മുംബൈയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

കഴിഞ്ഞ വര്‍ഷം കേരളത്തിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വൃക്കകളെ ബാധിക്കുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ചില ഫെയര്‍നെസ് ക്രീമുകളുടെ പതിവായ ഉപയോഗം മൂലം ഉണ്ടാകുന്നത്. ശരീരത്തില്‍ നീര് കാണുന്നതാണ് ഇതിന്‍റെ ഏറ്റവും പ്രധാന ലക്ഷണം. ഇതിനൊപ്പം വിശപ്പില്ലായ്മയും കടുത്ത ക്ഷീണവും അനുഭവപ്പെടാം.