30
May 2023
Mon
30 May 2023 Mon

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ചാണ് പരിപാടി. ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുൻ അംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കും. അഖിലേന്ത്യ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ പിറവം മുൻ എം.എൽ.എ എം ജെ ജേക്കബിനെയും ആദരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. സിൽവർ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് പത്‌നി സുദേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുത്തെത്തിയ ഉപരാഷ്ട്രപതിക്ക് വിമാനത്താവളത്തിൽ ആരിഫ് മുഹമ്മദ്ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊലീസ് മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.

ഉപരാഷ്ട്രപതിക്കായി ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ഒമ്പതിന് പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.