22
Jan 2023
Wed
22 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലവണ്ണം ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് വാഴകൃഷി. ഗ്രാമ- നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാര്‍ഷികോല്‍പന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാര്‍ഗമാക്കുന്നവര്‍ കുറവാണ്. സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം നല്ല പങ്കും ഇന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. കൃഷി ലാഭകരമാക്കാനുള്ള കുറച്ച് ടിപ്‌സുകളാണ് താഴെ നല്‍കുന്നത്.

* വാഴക്കന്ന് ചെറിയ ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

* വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

* ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

* നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 – 20 ദിവസത്തിനുള്ളില്‍ തന്നെ നടണം. മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3 4 ദിവസത്തിനുള്ളില്‍ നടണം.

* ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

* വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

* വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

* വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

* വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

* ുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

* കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

* വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

* വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.**

* വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

* ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

* വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

* വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

* നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത്

* ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

* നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

* വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

* വാഴകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം നല്‍കുക.

* നടാനുള്ള കുഴിയുടെ വലുപ്പം 50 സെ. മീറ്റര്‍ സമചതുരവും ആഴവും ഉണ്ടാവണം.

*കുഴി ഒന്നിന് 15 കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും മേല്‍മണ്ണും ചേര്‍ത്തിളക്കി മൂടുക. കൂടാതെ 500 ഗ്രാം കുമ്മായവും നല്ലതാണ്.