28
Nov 2023
Mon
28 Nov 2023 Mon

തിരുവനന്തപുരം:2002 ഒക്ടോബര്‍ 30ന് മുന്‍പ് തടിമില്‍ നടത്തിയിരുന്നതും എന്നാല്‍ ലൈസന്‍സിനു വേണ്ടി അപേക്ഷിക്കാന്‍ സാധിക്കാതിരുന്നതുമായ മില്‍ ഉടമകള്‍ക്ക് ഇപ്പോള്‍ ലൈസന്‍സിന് അപേക്ഷിക്കാം. ഈ ആവശ്യത്തിനുള്ള തടിമില്‍- മരാധിഷ്ടിത ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഭേദഗതി ചട്ടങ്ങള്‍ 2023 നവംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ തീയതി മുതല്‍ ആറ് മാസത്തിനകം ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുകിട മര വ്യവസായങ്ങള്‍ (കാറ്റഗറി 2), റബ്ബര്‍ മരാധിഷ്ടിത വ്യവസായങ്ങള്‍ (കാറ്റഗറി 5, കാറ്റഗറി 7), ഇറക്കുമതി ചെയ്ത മരങ്ങള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ (കാറ്റഗറി 8), കാര്‍പന്ററി തുടങ്ങവയില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ (കാറ്റഗറി 9), തെങ്ങ്തടി, പനയുടെ തടി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ (കാറ്റഗറി 10) എന്നിവയ്ക്കുള്ള മെഷീന്‍ ഹോഴ്‌സ് പവര്‍ വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനതല കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ലൈസന്‍സ് ഫീസിനോടൊപ്പം അടയ്‌ക്കേണ്ട വണ്‍ടൈം പേയ്‌മെന്റ് യൂണിറ്റുകള്‍ക്കാണ് എന്നും പ്രസ്, പീലര്‍, സ്ലൈസര്‍ എന്നിവയ്ക്കുള്ളത് മാത്രമല്ല എന്നതും ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.