15
Sep 2023
Sun
15 Sep 2023 Sun

ഈ നിക്ഷേപ പദ്ധതികളുമായി ഇനിയും ആധാര്‍ ബന്ധിപ്പിച്ചില്ലേ? പണികിട്ടുമേ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നമുക്ക് പല നിക്ഷേപ പദ്ധതികളുണ്ടാകും. ഇവ പലരും ആധാറുമായി ബന്ധിപ്പിക്കാന്‍ മറന്നിട്ടുണ്ടാകും. എന്നാല്‍ പിപിഎഫ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതി (സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നീ പദ്ധതകളില്‍ നിക്ഷേപം നടത്തുന്നവര്‍ ആധാര്‍ നമ്പര്‍ നിക്ഷേപ പദ്ധതികളുമായി ലിങ്ക് ചെയ്തിരിക്കണം. ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 30 നകം ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിക്കും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കടക്കം ഇത് ബാധകമാണ്. അല്ലാത്തപക്ഷം വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് ഈ നിര്‍ദേശം. ബന്ധപ്പെട്ട പോസ്റ്റ്ഓഫീസുകളില്‍ സെപ്റ്റംബര്‍ 30നകം ആധാര്‍ നമ്പര്‍ നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. പിപിഎഫ്, എന്‍എസ് സി, പോസ്‌റ്റോഫീസ് ടേം ഡിപ്പോസിറ്റ്, സുകന്യ സമൃദ്ധി, എസ് സിഎസ് എസ്, കിസാന്‍ വികാസ് പത്ര, പോസ്‌റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നിവയെല്ലാം ഈ നിര്‍ദ്ദേശത്തിനു കീഴില്‍ വരുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി വിവിധ ലഘു സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ നിര്‍ബന്ധമായി ആധാര്‍ നമ്പര്‍ നല്‍കണമെന്ന് മാര്‍ച്ച് 31ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. നിലവിലുള്ള നിക്ഷേപകര്‍ക്കും ഇത് ബാധകമാണെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനോടകം തന്നെ നിക്ഷേപം നടത്തിയ, ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ ആറുമാസത്തിനകം അതത് പോസ്റ്റ് ഓഫീസുകളില്‍ ആധാര്‍ നമ്പര്‍ നല്‍കണം. സെപ്റ്റംബര്‍ 30നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇത് പാലിച്ചില്ലായെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കും. ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ വീണ്ടും അക്കൗണ്ടുകള്‍ ആക്ടീവാക്കുകയുള്ളൂവെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അക്കൗണ്ട് മരവിപ്പിച്ചാല്‍, പലിശ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളെ ബാധിക്കാം. കൂടാതെ പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനും തടസ്സം നേരിടും. കാലാവധി കഴിഞ്ഞാല്‍ മുഴുവന്‍ തുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനും തടസ്സം നേരിടാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.