മെസ്സിക്ക് പരിക്ക്; ചാംപ്യന്‍സ് ലീഗില്‍ കളിച്ചേക്കില്ല; പിഎസ്ജിക്ക് കനത്ത തിരിച്ചടി
10-Feb-2023
പാരിസ്: ചാംപ്യന്‍സ് ലീഗിന് അടുത്ത ആഴ്ച ഇറങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് പുറമെ മെസ്സിയും പരിക്കിന്റെ പിടിയിലാണ്. മാഴ്‌സിലെയ്‌ക്കെതിരായ മല്‍സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഈ ആഴ്ച മൊണാക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ മെസ്സി കളിക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ താരം കളിക്കുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
മെസ്സിയുടെ പിന്‍തുടഞെരമ്പിനാണ് പരിക്കേറ്റത്. മെസ്സി കൂടി പുറത്താവുന്നതോടെ പിഎസ്ജി നിര കടുത്ത സമ്മര്‍ദ്ധത്തിലാവും. ചാംപ്യന്‍സ് ലീഗ് എന്ന കിട്ടാക്കനി ഇത്തവണയും ഫ്രഞ്ച് ഭീമന്‍മാര്‍ക്ക് നഷ്ടമാവുമോ എന്ന ഭീതിയിലാണ് ഖത്തര്‍ പ്രമുഖര്‍. പുതുവര്‍ഷത്തില്‍ മൂന്ന് തോല്‍വികളാണ് പിഎസ്ജി വഴങ്ങിയത്. മെസ്സി-നെയ്മര്‍-എംബാപ്പെ ത്രയങ്ങള്‍ വേണ്ട രീതിയില്‍ ഫോമിലേക്കെത്താത്തത് തന്നെയാണ് പിഎസ്ജിയുടെ തലവേദന. ഈ മാസം 15ന് ബയേണ്‍ മ്യുണിക്കിനെതിരേയാണ് പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് പോരാട്ടം.